
കൊച്ചി: പൊതുജനങ്ങളുടെ കത്തുകള്‍ സെക്രട്ടേറിയറ്റിലെ കാവല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കൈപ്പറ്റാതെ തിരിച്ചയച്ച നടപടി അന്വേഷിക്കണമെന്ന് ആവശ്യം. ഓഫീസ് പ്രവര്‍ത്തിക്കുമ്പോഴും കത്തുകള്‍ കൈപ്പറ്റാതെ മടക്കിയതാണു വിവാദമായിരിക്കുന്നത്.
തൃശൂര്‍ പരവട്ടിയില് താമസിക്കുന്ന മുഹമ്മദ് അഷ്റഫിന്റെ ഭാര്യ ഷഫ്ന മുഖ്യമന്ത്രിക്ക് അയച്ച രജിസ്ട്രേഡ് കത്ത് ഓഫീസ് പ്രവര്‍ത്തിക്കുന്നില്ലെന്നു കാണിച്ച് തപാല്‍ വകുപ്പ് മടക്കിയിരുന്നു. കഴിഞ്ഞ നാലിനു നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന് രാജിവച്ചു.
തുടര്‍ന്നു കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ അദ്ദേഹത്തെ ഗവര്‍ണര്‍ ചുമതലപ്പെടുത്തി. അന്നുമുതല്‍ കാവല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നു കാണിച്ച് ഓഫീസിലെ ജീവനക്കാര്‍ ആനുകൂല്യം കൈപ്പറ്റി. മുഖ്യമന്ത്രിക്കു വരുന്ന കത്തുകള്‍ തിരിച്ചയയ്ക്കാതെ സെക്രട്ടേറിയറ്റില്‍ കൈപ്പറ്റണമെന്നും പുതിയ സര്‍ക്കാരിനു കൈമാറണമെന്നും ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചിരുന്നു. അതിനിടെയാണു കത്തുകള്‍ മടക്കി അയച്ചത്.
കാവല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ജനങ്ങളുടെ കത്തുകള്‍ കൈപ്പറ്റാതെ തിരിച്ചയച്ച നടപടിയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകന് കുളത്തൂര്‍ ജയ്സിങ് ചീഫ് സെക്രട്ടറിക്കു പരാതി നല്‍കിയിട്ടുണ്ട്.
രാജു പോള്‍






