
തിരുവനന്തപുരം: ഭൂരിപക്ഷം എം.എല്‍.എമാരുടെ പിന്തുണയുണ്ടായിട്ടും കേരള മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്ത പശ്ചാത്തലത്തില്‍ വൈകാരിക പ്രതികരണവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. തനിക്ക് സ്ഥാനമാനങ്ങളല്ല, മറിച്ച് പാര്‍ട്ടിയാണ് വലുതെന്ന് അദ്ദേഹം വ്യക്തമാക്കി. ആഗ്രഹിച്ച പദവി ലഭിച്ചില്ലെന്ന് കരുതി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കാന്‍ താന്‍ ഒരിക്കലും മുതിരില്ലെന്നും, കസേരയ്ക്ക് വേണ്ടി അതുവരെ പഠിച്ച രാഷ്ട്രീയ നിലപാടുകള്‍ മാറ്റാന്‍ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ക്കും വേദനകള്‍ക്കും അറുതിവരുത്തുന്ന തിരഞ്ഞെടുപ്പ് ഫലമാണ് കേരളത്തിലുണ്ടായതെന്ന് കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ഈ വിജയത്തിന്റെ ഗുണം ജനങ്ങളിലേക്ക് എത്തുകയാണ് ഇപ്പോള്‍ വേണ്ടത്. സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്ക് തന്നോടുള്ള സ്‌നേഹം തന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ്. തന്നെ ഇന്നത്തെ നിലയില്‍ എത്തിച്ചത് പാര്‍ട്ടിയാണ്, അതിനാല്‍ പാര്‍ട്ടിയുടെ നന്മയ്ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുക എന്നതാണ് താന്‍ പഠിച്ച പാഠമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന സമവായ ചര്‍ച്ചകളെല്ലാം തന്റെ കൂടി ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഹൈക്കമാന്‍ഡ് ഒരു തീരുമാനമെടുത്താല്‍ അത് തന്റെയും ഒപ്പം ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെയും തീരുമാനമാണ്. ഒരു തവണ ആഗ്രഹിച്ച കാര്യം സാധിച്ചില്ലെന്ന് വെച്ച് പാര്‍ട്ടിയെ വിഷമിപ്പിക്കുക എന്നത് തന്റെ അജണ്ടയിലുള്ള കാര്യമല്ലെന്നും, പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകേണ്ട സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയത്തില്‍ പദവികള്‍ക്കും കസേരകള്‍ക്കും വേണ്ടി മാത്രം നിലകൊള്ളുന്ന വ്യക്തിത്വമല്ല തന്റേതെന്ന് വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രസ്ഥാനം തനിക്ക് നിരവധി അവസരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അത് കൃത്യമായി വിനിയോഗിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓര്‍ത്തു. ഇന്ന കസേരയില്‍ ഇത്രനാള്‍ ഇരിക്കണം എന്ന തരത്തിലുള്ള മോഹങ്ങളോ കലണ്ടറോ ഒന്നും താന്‍ വരച്ചുവെച്ചിട്ടില്ലെന്നും അദ്ദേഹം അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു.






