
തിരുവനന്തപുരം: സാധാരണക്കാരുടെ അഭയകേന്ദ്രം. കോണ്‍ഗ്രസിന്റെ സൗമ്യമുഖം. രമേശ് ചെന്നിത്തല എന്ന രാഷ്ട്രീയ നേതാവിന്റെ ഹ്രസ്വചിത്രം ഈ വാക്യങ്ങളില്‍ സുവ്യക്തം. രമേശ് ചെന്നിത്തലയെ ക്ഷുഭിതനായി ആരും ഒരിക്കലും കണ്ടിട്ടില്ല. പ്രവര്‍ത്തകര്‍ക്ക് ഏത് അര്‍ധരാത്രിയിലും സമീപിക്കാവുന്ന ചുരുക്കം നേതാക്കളില്‍ ഒരാളാണ് അദ്ദേഹം.
പലിശ മാഫിയയുടെ ചോരക്കണ്ണില്നിന്നു സാധാരണക്കാരെ രക്ഷിച്ച 'ഓപ്പറേഷന് കുബേര'യുടെ രാഷ്ട്രീയക്കരുത്തും പോലീസ് സേനയ്ക്കു ജനകീയ മുഖം നല്കിയ ഭരണപരിഷ്കാരങ്ങളും ഓര്‍മിപ്പിച്ചാണ് സംസ്ഥാന ആഭ്യന്തരമന്ത്രിപദത്തിലേക്ക് ചെന്നിത്തല വീണ്ടുമെത്തുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാന കാലത്ത് ആഭ്യന്തരമന്ത്രി ആയിരിക്കെയായിരുന്നു പലിശ മാഫിയയുടെ വേരറക്കാന്‍ അദ്ദേഹം തുനിഞ്ഞിറങ്ങിയത്.
അത്യന്തം നാടകീയമായ അണിയറ നീക്കങ്ങള്‍ക്കൊടുവിലാണു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ചെന്നിത്തലയ്ക്കായി ആഭ്യന്തര വകുപ്പ് എന്ന താക്കോല്‍ സ്ഥാനം ഇക്കുറി മാറ്റിവച്ചത്. അദ്ദേഹത്തിന്റെ സീനിയോറിറ്റിയും അനുഭവസമ്പത്തും തഴഞ്ഞു മുന്നോട്ടുപോകുന്നതു സര്‍ക്കാരിന്റെ സുസ്ഥിരതയെ ബാധിക്കുമെന്ന ബോധ്യം
ഹൈക്കമാന്ഡിനുണ്ടായിരുന്നു. അനുനയ സൂത്രവാക്യമെന്ന നിലയില്‍ ആഭ്യന്തര വകുപ്പ് ചെന്നിത്തലയ്ക്കു നല്കാന് ഡല്‍ഹിയിലാണു തീരുമാനമായത്. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും ചെന്നിത്തലയുടെ ഹരിപ്പാട്ടെ വസതിയിലെത്തി ഈ തീരുമാനം അറിയിച്ചതോടെ പുകഞ്ഞുകത്തിയ തര്‍ക്കങ്ങള്‍ക്കു ശുഭപര്യവസാനവുമായി.
മുഖ്യമന്ത്രി പദത്തിനൊപ്പം ആഭ്യന്തരവകുപ്പുകൂടി കൈവശംവയ്ക്കാന്‍ വി.ഡി. സതീശനോടു പലരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആഭ്യന്തരത്തിന്റെ പേരില്‍ അടിവയ്ക്കാന്‍ സതീശന് തയാറായിരുന്നില്ല. പാര്‍ട്ടിയിലെ ആഭ്യന്തര സമാധാനത്തിനും ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് അപ്പുറമുള്ള കെട്ടുറപ്പിനും ഹൈക്കമാന്‍ഡ് പ്രാധാന്യം നല്‍കിയതോടെ ആഭ്യന്തരം രമേശ് ചെന്നിത്തലയില്ത്തന്നെ നങ്കൂരമിട്ടു.
കെ.എസ്.യു. താലൂക്ക് പ്രസിഡന്റില്‍ തുടങ്ങി കെ.പി.സി.സി. പ്രസിഡന്റും പ്രതിപക്ഷ നേതാവും എ.ഐ.സി.സി. ഭാരവാഹിയും വരെയുള്ള പദവികളിലെത്തിയ രമേശ് ചെന്നിത്തലയുടെ ഏറ്റവും വലിയ കരുത്ത് ജനകീയതതന്നെയാണ്. എത്ര തിരക്കിനിടയിലും സാധാരണക്കാരുടെ ഫോണ്‍ വിളികള്‍ക്കു മറുപടി നല്കാന് സമയവും മനസും കണ്ടെത്തുന്ന ആളാണ് 'രമേശ് ജി'. ഇതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതും.
എസ്. നാരായണന്






