
ലക്നൗ: സ്ത്രീകളെ നഗ്നത കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തുന്ന ട്രാൻസ് ജെൻഡർ സംഘം പൊലീസ് പിടിയിൽ. ബിജ്നോർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു സ്ത്രീയുടെ താലിമാല തട്ടിയെടുത്തതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് മോഷണ സംഘാംഗങ്ങൾ പിടിയിലായത്.
വീടുകളിൽ കല്യാണമുണ്ടെന്ന് പറഞ്ഞായിരിക്കും ഇവർ സ്ത്രീകളെ സമീപിക്കുന്നതും പണം ആവശ്യപ്പെടുന്നതും. പണം നൽകാൻ വിസമ്മതിക്കുന്നവർക്ക് മുന്നിൽ ഇവർ വസ്ത്രങ്ങൾ അഴിച്ചുമാറ്റി അശ്ലീലമായി പെരുമാറുകയും ഭീതി പരത്തുകയും ചെയ്യും. ഇതിനിടയിൽ സ്ത്രീകളുടെ ആഭരണങ്ങൾ തട്ടിയെടുത്ത് രക്ഷപ്പെടുകയാണ് ഇവരുടെ രീതി. ഇരകൾ പ്രതിരോധിക്കാൻ ശ്രമിച്ചാൽ ഇവർ അക്രമാസക്തരാകുമെന്നും പോലീസ് അധികൃതർ പറഞ്ഞു.
അജയ് റാവത്ത് എന്ന റാണി (23), ആകാശ് ഗുപ്ത എന്ന കമോലിക (24), റഫീഖ് അഹമ്മദ് (44) എന്നിവരാണ് പിടിയിലായത്. സംഘത്തിലെ നാലാമനായ അന്നു (23) ഒളിവിലാണ്. കഴിഞ്ഞ തിങ്കളാഴ്ച പ്രഭാതസവാരിക്കിറങ്ങിയ രണ്ട് സ്ത്രീകളെ തടഞ്ഞുനിർത്തി താലിമാലയും കമ്മലുകളും കവർന്നതാണ് ഇവരുടെ പേരിലുള്ള അവസാനത്തെ കുറ്റം. പ്രതികളിൽ നിന്ന് മോഷണം പോയ മാലയും കമ്മലുകളും കൃത്യത്തിന് ഉപയോഗിച്ച വാഗൺ ആർ കാറും പോലീസ് പിടിച്ചെടുത്തു.
പോലീസിനെ ആശയക്കുഴപ്പത്തിലാക്കാനായി ആപ്പ് അധിഷ്ഠിത ക്യാബ് സർവീസുകളാണ് ഇവർ യാത്രയ്ക്കായി ഉപയോഗിച്ചിരുന്നത്. ഏകദേശം 150-ഓളം സിസിടിവി ക്യാമറകൾ പരിശോധിച്ച ശേഷമാണ് അലിനഗർ ഖുർദ് അടിപ്പാതയ്ക്ക് സമീപത്ത് വെച്ച് പ്രതികളെ പോലീസ് വലയിലാക്കിയത്.






