
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ഐതിഹാസിക വിജയത്തിന് പിന്നാലെ, വി.ഡി. സതീശനെ മുഖ്യമന്ത്രി പദവിയില്‍ എത്തിക്കണമെന്ന ആവശ്യവുമായി സതീശന് അനുകൂലികള്‍ രാഹുല്‍ ഗാന്ധിയുടെ സോഷ്യല്‍ മീഡിയ പേജുകളിലും മുറവിളി കൂട്ടുന്നു.
'പട നയിച്ചവന്‍ നാട് നയിക്കട്ടെ' എന്ന വാചകം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ്. വയനാട് ഉള്‍പ്പെടെയുള്ള മലബാര്‍ മേഖലകളില്‍ സതീശനെ പിന്തുണച്ചുകൊണ്ടുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് സാമൂഹ്യമാധ്യമങ്ങളിലും പ്രചരണം. രാജസ്ഥാനിലും മധ്യപ്രദേശിലും സംഭവിച്ചതുപോലെ ജനവികാരം തള്ളിക്കളയരുതെന്നും, അണികളുടെ മനസ്സ് തൊട്ടറിഞ്ഞ് മുഖ്യമന്ത്രിയെ തീരുമാനിക്കണമെന്നും രാഹുല്‍ ഗാന്ധിയുടെ പോസ്റ്റിന് താഴെ കമന്റുകള്‍ നിറയുന്നു.
ഘടകകക്ഷികളുടെ നീക്കങ്ങളും നിര്ണ്ണായകമാണ്്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് മോന്‍സ് ജോസഫ്, ആര്.എസ്.പിയുടെ ഷിബു ബേബി ജോണ്‍, ജേക്കബ് വിഭാഗത്തിന്റെ അനൂപ് ജേക്കബ്, സിഎംപിയുടെ സി.പി. ജോണ്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ സതീശനെ നേരില്‍ കണ്ട് ചര്‍ച്ചകള്‍ നടത്തി. ഔദ്യോഗികമായി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെങ്കിലും മുസ്ലിം ലീഗ് നേതൃത്വം സതീശനെ പിന്തുണയ്ക്കുന്നു എന്ന വ്യക്തമായ സൂചനകള്‍ ഇതിനോടകം നല്‍കിക്കഴിഞ്ഞു.
വിജയത്തിന് ശേഷം തിരുവനന്തപുരത്തുനിന്നും എറണാകുളത്തെത്തിയ വി.ഡി. സതീശന് റെയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തകര്‍ ഉജ്ജ്വലമായ സ്വീകരണമാണ് നല്‍കിയത്. പ്രവര്‍ത്തകരുടെ ആവേശം വരാനിരിക്കുന്ന നിര്‍ണ്ണായക തീരുമാനങ്ങളുടെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും, യുവത്വത്തിന്റെയും പ്രവര്‍ത്തനശൈലിയുടെയും പേരില്‍ സതീശന് തന്നെയാണ് മുന്‍തൂക്കം.






