
കാസര്‍ഗോഡ് : സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ മത്സരിച്ച ഇടതുസ്ഥാനാര്‍ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി. അരിവാൾ ചുറ്റിക നക്ഷത്രത്തിൽ സംസ്ഥാനത്ത് ഈ അനുഭവം മഞ്ചേശ്വരത്ത് മാത്രം.സാധുവായ വോട്ടിന്റെ ആറിലൊന്ന് (16.7 ശതമാനം) കിട്ടിയാലാണ് കെട്ടിവെച്ച 10,000 രൂപ തിരികെ ലഭിക്കുക.
മഞ്ചേശ്വരത്ത് ആകെ 1,87,801 വോട്ടാണ് പോള്‍ ചെയ്ത് . ഇതിന്റെ ആറിലൊന്ന് 31,300 വരും. എൽഡിഎഫ് സ്ഥാനാർത്ഥി സിപിഎമ്മിലെ കെ.ആർ ജയാനന്ദക്ക് ലഭിച്ചതാകട്ടെ 21,212 വോട്ടാണ്. (11.29 ശതമാനം). 2011ലും 2016ലും കാസർകോട് മണ്ഡലത്തിൽ 14 ശതമാനം മാത്രം നേടിയ ഐഎൻഎൽ സ്ഥാനാർത്ഥികൾക്ക് തുക തിരിച്ചുകിട്ടിയിരുന്നില്ല.
കേരളത്തിലെ ഒന്നാമത്തെ നിയോജകമണ്ഡലമായ മഞ്ചേശ്വരത്ത് സിറ്റിങ് എംഎൽഎ എ.കെ.എം. അഷ്റഫ് 96,948 വോട്ടുകളാണ് നേടിയത് (51.62 ശതമാനം). ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ 67,696 വോട്ട് നേടി (36 ശതമാനം). ഭൂരിപക്ഷം 29,252 വോട്ടുകൾ. മഞ്ചേശ്വരത്ത് ഇടത് വോട്ടുകൾ പ്രകടമായി യു.ഡി.എഫിലേക്ക് മറിയുകയായിരുന്നു .
അതേസമയം 2016ൽ 89 വോട്ടിനും 2021ൽ 745 വോട്ടിനും മാത്രം ഭൂരിപക്ഷത്തിൽ എൻഡിഎയെ രണ്ടാംസ്ഥാനത്താക്കി ജയിച്ച യുഡിഎഫിന് ഇത്തവണ മഞ്ചേശ്വരത്ത് ലഭിച്ച ഭൂരിപക്ഷത്തിൽ ശരിക്കും ഞെട്ടിയത് ബിജെപി. 29252 വോട്ടിന്റെ മൃഗീയ ഭൂരിപക്ഷത്തിലുള്ള വിജയത്തോടെ ബിജെപിയെ മഞ്ചേശ്വരം മണ്ഡലം എന്നത്തേക്കുമായി കയ്യൊഴിയുന്ന പ്രതീതിയാണുള്ളത്. ബിജെപിക്ക് ഇനി ഒരിക്കലും പ്രതീക്ഷ വയ്ക്കാനാവാത്ത മണ്ഡലമായി മഞ്ചേശ്വരം മാറുന്നുവെന്നാണ് വോട്ട് കണക്കുകൾ സൂചിപ്പിക്കുന്നത്. എൽഡിഎഫിന് മുൻ തിരഞ്ഞെടുപ്പുകളിൽ കിട്ടിയതിനെക്കാൾ 20,000 വോട്ടുകളുടെ കുറവുകൾ ഉണ്ടായത് ഗുണകരമായിത് യുഡിഎഫ് സ്ഥാനാര്ത്ഥിയക്കാണ് .
മംഗളൂരുവിലും ബെംഗളൂരുവിലുമടക്കം സ്ഥിര താമസമാക്കിയവരും എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവിടെയെത്തി ബിജെപിക്കു വോട്ടു ചെയ്യുന്നവരുമായ നല്ലൊരു ശതമാനം വോട്ട് എസ്ഐആർ പ്രകാരം മണ്ഡലത്തിൽനിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. എൻഡിഎ സ്ഥാനാർഥിക്ക് ലഭിക്കേണ്ടിയിരുന്ന 15,000 ത്തിലേറെ വോട്ടുകൾ ഇങ്ങനെ ഇങ്ങനെ നഷ്ടമായിട്ടുണ്ടെന്നാണ് പാർട്ടി വിലയിരുത്തൽ.






