
കൊല്‍ക്കത്ത: ബിജെപി നേതാവും ബംഗാളില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നയാളുമായ സുവേന്ദു അധികാരിയുടെ വിശ്വസ്തന് ചന്ദ്രനാഥ് രഥ് കൊല്ലപ്പെട്ടതിന് പിന്നാലെ ബംഗാളില്‍ സംഘര്‍ഷം പുകയുന്നു. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസില്‍ വെച്ചാണ് ചന്ദ്രനാഥ് രഥിന് വെടിയേറ്റത്. മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമികള്‍ അദ്ദേഹത്തിന്റെ കാര്‍ തടഞ്ഞുനിര്‍ത്തിയ ശേഷം അദ്ദേഹത്തെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. സുവേന്ദു അധികാരിയുടെ ഏറ്റവും അടുത്ത സഹായികളില്‍ ഒരാളായിരുന്നു രഥ്.
കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും, ബിജെപിയുടെ സമീപകാല തിരഞ്ഞെടുപ്പ് വിജയങ്ങളില്‍ പ്രകോപിതരായ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്ന് ബിജെപി ആരോപിക്കുന്നു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഈ ആരോപണം നിഷേധിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
പൂര്‍ബ മേദിനിപ്പൂര്‍ ജില്ലയിലെ ചാന്ദിപൂര്‍ സ്വദേശിയായ രഥ്, സുവേന്ദു അധികാരിയുടെ രാഷ്ട്രീയ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു. നിര്‍ണ്ണായക രാഷ്ട്രീയ പോരാട്ടങ്ങളില്‍ സുവേന്ദുവിന്റെ കോര്‍ ടീമില്‍ ഉള്ളയാളാണ് രഥ്. സുവേന്ദു അധികാരിയുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രധാനിയായിരുന്നു രഥ്. ഭവാനിപൂര്‍ പ്രചാരണം ഉള്‍പ്പെടെയുള്ള സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക, പ്രചാരണങ്ങള്‍ നിയന്ത്രിക്കുക തുടങ്ങിയ തന്ത്രപ്രധാനമായ ജോലികള്‍ അദ്ദേഹം നിര്‍വ്വഹിച്ചിരുന്നു.
ഇന്ത്യന്‍ വ്യോമസേനയില്‍ രണ്ട് പതിറ്റാണ്ടോളം ജോലി ചെയ്ത ശേഷമാണ് അദ്ദേഹം ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ ഏറ്റവും അടുത്ത സഹായികളില്‍ ഒരാളായി മാറിയത്. സുവേന്ദുവിന്റെ വിശ്വസ്തനായിരുന്നിട്ടും അദ്ദേഹം അധികം പൊതുശ്രദ്ധയില്‍ വരാന്‍ ആഗ്രഹിച്ചിരുന്നില്ല. 2019-ല്‍ സുവേന്ദു അധികാരി മമത ബാനര്‍ജി സര്‍ക്കാരില്‍ മന്ത്രിയായിരിക്കെയാണ് രഥ് അദ്ദേഹത്തിന്റെ ഔദ്യോഗിക സംഘത്തിന്റെ ഭാഗമാകുന്നത്. പിന്നീട് 2020-ല്‍ സുവേന്ദുവിനൊപ്പം അദ്ദേഹവും ബിജെപിയില്‍ ചേര്‍ന്നു.
വ്യോമസേനയില്‍ നിന്ന് സ്വമേധയാ വിരമിച്ച ശേഷം കുറച്ചുകാലം കോര്‍പ്പറേറ്റ് മേഖലയില്‍ ജോലി ചെയ്തു. സുവേന്ദു അധികാരിയുടെ കുടുംബത്തെപ്പോലെ തന്നെ രഥിന്റെ കുടുംബവും നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ മാതാവ് ഹസി രഥ് മുന്‍പ് തദ്ദേശ പഞ്ചായത്ത് അംഗമായിരുന്നു.






