
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കം തുടരുമ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം ഇന്ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ ചേരും. ഹൈക്കമാന്‍ഡ് നിയോഗിച്ച എഐസിസി നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് യോഗം. ഈ യോഗത്തില്‍ എംഎല്‍എമാരുടെ അഭിപ്രായം ആരായും. 61 എംഎല്‍എ മാരാണ് അഭിപ്രായം വിനിയോഗിക്കുക.
എംഎല്‍എമാരില്‍ നിന്ന് മുഖ്യമന്ത്രി ആരാകണമെന്ന് അഭിപ്രായം എഴുതി വാങ്ങാനാണ് തീരുമാനം.ഇതിനിടയില്‍ എഐസിസി നിരീക്ഷകര്‍ ഘടകകക്ഷി നേതാക്കളുമായും ആശയവിനിമയും നടത്തും. അഭിപ്രായം തേടിയ ശേഷം ഇന്ന് തന്നെ എഐസിസി നിരീക്ഷകര്‍ ഡല്‍ഹിയിലേക്ക് മടങ്ങും. ഉച്ചയ്ക്ക് ശേഷം ഘടകകക്ഷി നേതാക്കളുടെ യോഗവും ചേരുന്നുണ്ട്. ഇവരുടെ കൂടി നിലപാടുകള്‍ അറിഞ്ഞ ശേഷമായിരിക്കും തീരുമാനം. എല്ലാ സാധ്യതയും പരിശോധിക്കും. എല്ലാവരേയും ഒരുപോലെ കൊണ്ടുപോകാന്‍ കഴിയുന്ന നേതൃപാടവും പരിചയ സമ്പത്തും എല്ലാം നിര്‍ണ്ണായകമാകും. എം എല്‍ എമാരില്‍ നിന്നും നേതാക്കളില്‍ നിന്നും അഭിപ്രായം തേടിയ ശേഷം ഇന്ന് തന്നെ എഐസിസി നിരീക്ഷകര്‍ ഡല്‍ഹിയിലേക്ക് മടങ്ങും. പിന്നാലെ കേരള നേതൃത്വത്തെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കും.
എഐസിസി നിരീക്ഷകരായ മുകള്‍ വാസ്നിക്കും അജയ് മാക്കനും ഓരോ എംഎല്‍എമാരെയും വെവ്വേറെ കണ്ട് അഭിപ്രായം തേടും. 45 എംഎല്‍എ മാരുടെ പിന്തുണയാണ് കെ.സി. വേണുഗോപാല്‍ അവകാശപ്പെടുന്നത്. 25 എംഎല്‍എ മാരുടെ പിന്തുണയും പ്രവര്‍ത്തിപരിചയവുമാണ് രമേശ് ചെന്നിത്തല അവകാശപ്പെടുന്നുണ്ട്. അതേസമയം ഘടകകക്ഷികളില്‍ കൂടുതലും വി.ഡി. സതീശനെയും പിന്തുണയ്ക്കുന്നു.
എംഎല്‍എ മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങളും മൂന്ന് നേതാക്കന്മാരും ശ്രമിക്കുകയും ചെയ്യുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. എംഎല്‍എമാരു മായുള്ള കൂടിക്കാഴ്ചയില്‍ ദീപാ ദാസ് മുന്‍ഷിയുടെ സാന്നിധ്യം ഉണ്ടാകരുതെന്ന് വി ഡി സതീശന് പക്ഷം എഐസിസിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. നിരീക്ഷകര്‍ നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ടുദിവസത്തിനുള്ളില്‍ ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം എടുക്കും.






