
തൊടുപുഴ: കേരളാ കോണ്‍ഗ്രസ്(എം) തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതു പോലെ സ്വീകരിക്കുമെന്ന് നിയുക്ത തൊടുപുഴ എം.എല്‍.എയും കേരളാ കോണ്‍ഗ്രസ് സംസ്ഥാന കോ-ഓര്‍ഡിനേറ്ററുമായ അപു ജോണ്‍ ജോസഫ്. തൊടുപുഴയില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍പ് ഒന്നായിരുന്നവരാണ് കേരളാ കോണ്‍ഗ്രസുകാര്‍. ഞങ്ങളെല്ലാം ഏകോദര സഹോദരങ്ങളാണ്. അവര്‍ക്ക് മടങ്ങി വരാന്‍ തെറ്റ് ഏറ്റുപറയേണ്ടതില്ല. ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് സംസാരിച്ചാല്‍ തീരുന്ന പ്രശ്നങ്ങള്‍ മാത്രമേ കേരളാ കോണ്‍ഗ്രസിലുള്ളൂ. അവര്‍ തിരിച്ചു വരണമെന്നും കേരളത്തില്‍ നിലനില്‍ക്കണമെന്നുമാണ് ആഗ്രഹമെന്നും ഐക്യ കേരളാ കോണ്‍ഗ്രസ് ഞങ്ങളെല്ലാം സ്വപ്നം കാണുന്നതാണെന്നും അപു പറഞ്ഞു. മന്ത്രിസഭയില്‍ അര്‍ഹതപ്പെട്ട സ്ഥാനം കേരളാ കോണ്‍ഗ്രസിന് ലഭിക്കുമെന്നും അപു പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് യു.ഡി.എഫില്‍ വിട്ടുവീഴ്ച ചെയ്ത ഏക പാര്‍ട്ടി കേരളാ കോണ്‍ഗ്രസാണ്.
വിട്ടുകൊടുത്ത ഏറ്റുമാനൂരും ഇടുക്കിയും ഒപ്പം വച്ചുമാറിയ തൃക്കരിപ്പൂരും വിജയിച്ചു. ഇതോടെ തത്വത്തില്‍ കേരളാ കോണ്‍ഗ്രസിന് പത്ത് സീറ്റായി. അതിന്റേതായ പരിഗണന മന്ത്രിസഭയിലും ലഭിക്കും. കര്‍ഷകരുടെ വേദന അറിയുന്ന പ്രസ്ഥാനമെന്ന നിലയില്‍ കൃഷി വകുപ്പ് ഏറ്റെടുക്കണമെന്നാണ് തന്റെ ആഗ്രഹം. രണ്ടു മന്ത്രി സ്ഥാനം ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന്, അക്കാര്യം പാര്‍ട്ടി ചെയര്മാന് തീരുമാനിക്കുമെന്നും അപു കൂട്ടിച്ചേര്‍ത്തു.






