
തിരുവനന്തപുരം: പത്ത് വര്‍ഷത്തെ ഭരണത്തുടര്‍ച്ചയ്ക്ക് ശേഷം കേരളത്തില്‍ പ്രതിപക്ഷ നിരയിലേക്ക് പിന്തള്ളപ്പെട്ട സി.പി.എമ്മില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയന് മാറിനില്‍ക്കണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യം തള്ളിക്കൊണ്ട്, അദ്ദേഹത്തെ തന്നെ പ്രതിപക്ഷ നേതാവാക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായി. മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രതിപക്ഷ ഉപനേതാവാകും. തോല്‍വിയുടെ ആഘാതത്തിലും പിണറായി വിജയനെ തന്നെ പദവികളില്‍ വാഴിക്കുന്നത് 'രാഷ്ട്രീയ ഒളിച്ചോട്ടമാണെന്ന' ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉയര്‍ന്നു കഴിഞ്ഞു.
ഭരണം പോയാലും പ്രതിപക്ഷ നേതാവിന് ലഭിക്കുന്ന ക്യാബിനറ്റ് പദവിയിലൂടെ കൊടിവച്ച കാറും ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസും പോലീസ് അകമ്പടിയും നിലനിര്‍ത്താനാണ് പിണറായി വിജയന്റെ നീക്കം. സജി ചെറിയാന്, പി. രാജീവ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന പിണറായി അനുകൂല വിഭാഗമാണ് ഈ നിര്‍ദ്ദേശത്തിന് പിന്നില്‍. സഭയ്ക്കുള്ളില്‍ സര്‍ക്കാരിനെ നേരിടാന്‍ പിണറായിയുടെ പരിചയസമ്പത്ത് അനിവാര്യമാണെന്നാണ് ഇവരുടെ വാദം. എന്നാല്‍, ഇത് പാര്‍ട്ടിയില്‍ പുതിയ തലമുറ വളരുന്നത് തടയുമെന്നും പഴയ രീതികള്‍ തന്നെ തുടരുന്നത് 'ബംഗാള്‍ ലൈനിലേക്ക്' പാര്‍ട്ടിയെ നയിക്കുമെന്നും വിമര്‍ശകര്‍ ഭയപ്പെടുന്നു.
പിണറായി വിജയനെ തന്നെ പ്രതിപക്ഷ നേതാവാക്കി വാഴിക്കുന്നതിനെതിരെ പി. ജയരാജന് പക്ഷം രംഗത്തെത്തിയേക്കുമെന്നാണ് സൂചന. വ്യക്തിപൂജയും ഭരണവിരുദ്ധ വികാരവുമാണ് പാര്‍ട്ടിയെ 34 സീറ്റുകളിലേക്ക് തള്ളിയതെന്ന വികാരം കണ്ണൂരിലെ അണികള്‍ക്കിടയില്‍ ശക്തമാണ്. പിണറായിയും എം.വി. ഗോവിന്ദനും പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. എം.വി. ഗോവിന്ദന് പകരം പി. ജയരാജനെപ്പോലുള്ള ജനകീയ നേതാക്കള്‍ പാര്‍ട്ടി തലപ്പത്തേക്ക് വരണമെന്ന മുറവിളിയും ശക്തമാണ്.
കെ.കെ. ശൈലജയുടെ അപ്രതീക്ഷിത തോല്‍വി സഭയ്ക്കുള്ളില്‍ വലിയ പ്രതിസന്ധിയാണ് സി.പി.എമ്മിന് സൃഷ്ടിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ബാലഗോപാലിനെ ഉപനേതാവാക്കി സഭയില്‍ കരുത്തുറ്റ പ്രതിരോധം തീര്‍ക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നത്. എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിച്ചിരുന്ന പി. ശശിക്കും കെ.കെ. രാഗേഷിനുമെതിരെയുള്ള രോഷം സംസ്ഥാന സമിതിയില്‍ പൊട്ടിത്തെറിക്ക് കാരണമായേക്കാം. ഭരണത്തിന്റെ തണലില്ലാതെ പ്രതിപക്ഷത്തിന്റെ കനല്‍വഴികളിലൂടെ നടക്കുമ്പോള്‍ പിണറായി വിജയന്റെ പഴയ ശൈലി പാര്‍ട്ടിക്ക് ഗുണം ചെയ്യുമോ അതോ തിരിച്ചടിയാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
സംസ്ഥാന സമിതിയില്‍ ഈ തീരുമാനങ്ങള്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യും. അച്ചടക്കത്തിന്റെ വാള്‍മുനയില്‍ എതിര്‍പ്പുകളെ ഒതുക്കാന്‍ ഔദ്യോഗിക പക്ഷത്തിന് കഴിയുമോ എന്ന് വരും ദിവസങ്ങളില്‍ അറിയാം.






