
ഹൈദരാബാദ്: സാധാരണ വേഷത്തില്‍ അര്‍ദ്ധരാത്രിയില്‍ നഗരത്തില്‍ പുറത്തിറങ്ങിയ വനിതാപോലീസ് കമ്മീഷണറോട് മൂന്ന് മണിക്കൂറിനിടയില്‍ ലൈംഗികോദ്ദേശത്തോടെ സമീപിച്ചത് 40 പേര്. ഹൈദരാബാദിലെ മല്‍ക്കാജ്ഗിരി പോലീസ് കമ്മീഷണര്‍ സുമതി നടത്തിയ സാഹസികവും വ്യത്യസ്തവുമായ പരീക്ഷണം നഗരത്തിലെ സ്ത്രീ സുരക്ഷയുടെ യഥാര്‍ത്ഥ അവസ്ഥ പുറത്തുകൊണ്ടുവരുന്നതായിരുന്നു.
അര്‍ദ്ധരാത്രിയില്‍ ഒറ്റയ്ക്ക് തെരുവിലിറങ്ങിയാണ് അവര്‍ ഈ ദൗത്യം പൂര്‍ത്തിയാക്കിയത്. ഒരു സാധാരണ സ്ത്രീയെപ്പോലെ വേഷം ധരിച്ച്, യാതൊരുവിധ പോലീസ് സുരക്ഷയുമില്ലാതെ പുലര്‍ച്ചെ 12:30 മുതല്‍ 3:30 വരെ അവര്‍ ഒരു ബസ് സ്റ്റോപ്പില്‍ കാത്തുനിന്നു.
മൂന്ന് മണിക്കൂറിനുള്ളില്‍ ഉണ്ടായ അനുഭവങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. ഏകദേശം 40-ഓളം പുരുഷന്മാര് ആ സമയത്തിനുള്ളില്‍ അവരെ സമീപിച്ചു. ഇതില്‍ പലരും മദ്യലഹരിയിലും ചിലര്‍ കഞ്ചാവ് ഉപയോഗിച്ചതായും സംശയിക്കുന്നു. യുവാക്കളും വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള ഈ സംഘത്തിന് തങ്ങള്‍ സംസാരിക്കുന്നത് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥയോടാണെന്ന് അറിയില്ലായിരുന്നു.
പരാതികളെയോ റിപ്പോര്‍ട്ടുകളെയോ മാത്രം ആശ്രയിക്കാതെ, യഥാര്‍ത്ഥ സാഹചര്യം മനസ്സിലാക്കുക എന്നതായിരുന്നു ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു. കമ്മീഷണറില്‍ നിന്നും അല്‍പ്പം അകലെ മാറി മഫ്ടിയില് പോലീസ് സംഘവും ഉണ്ടായിരുന്നു.
ഓപ്പറേഷന് ശേഷം ഇവരെ തിരിച്ചറിഞ്ഞ പോലീസ്, ഉടന്‍ തന്നെ കേസെടുക്കുന്നതിന് പകരം അവരെ കൗണ്‍സിലിംഗിന് വിളിച്ചുവരുത്തുകയും പൊതുസ്ഥലങ്ങളില്‍ സ്ത്രീകളോടുള്ള പെരുമാറ്റത്തെക്കുറിച്ച് കര്‍ശന മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പോലീസിന്റെ ഈ നീക്കത്തെ പ്രദേശവാസികളും പ്രത്യേകിച്ച് സ്ത്രീകളും വലിയ രീതിയില്‍ പ്രശംസിച്ചു.
സുമതി ഇത്തരമൊരു നടപടി സ്വീകരിക്കുന്നത് ഇതാദ്യമായല്ല. 25 വര്‍ഷം മുമ്പ് തന്റെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കത്തില്‍ കാസിപ്പേട്ട് റെയില്‍വേ സ്റ്റേഷന് സമീപം ഡെപ്യൂട്ടി സൂപ്രണ്ടായിരിക്കുമ്പോഴും സ്ത്രീ സുരക്ഷ നേരിട്ട് വിലയിരുത്താന്‍ അവര്‍ സമാനമായ ഒരു ഓപ്പറേഷന് നടത്തിയിരുന്നു. തെലങ്കാന കേഡറിലെ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥയാണ് സുമതി.
സ്റ്റേറ്റ് ഇന്റലിജന്‍സ് ബ്യൂറോ മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മല്‍ക്കാജ്ഗിരി പോലീസ് കമ്മീഷണറായി നിയമിതയാകുന്നതിന് മുമ്പ്, ദേവുജി ഉള്‍പ്പെടെയുള്ള പ്രമുഖ മാവോയിസ്റ്റുകളുടെ കീഴടങ്ങലില്‍ അവര്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. മെയ് 1-നാണ് അവര്‍ മല്‍ക്കാജ്ഗിരി പോലീസ് കമ്മീഷണറായി ചുമതലയേറ്റത്. സംഭവത്തിന്റെ വീഡിയോ ഇവര്‍ എക്സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.






