
ന്യൂഡൽഹി: ബിജെപിക്കെതിരെ കടുത്ത ആരോപണവുമായി ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് രംഗത്ത്. അമൃത്സർ, ജലന്ധർ സ്ഫോടനങ്ങൾ ബിജെപിയുടെ 'മിഷൻ പഞ്ചാബിന്റെ’ ഭാഗമാണെന്നും പാർട്ടിക്ക് പാക് ചാരസംഘടനയായ ഐഎസ്ഐയുമായി നേരിട്ടു ബന്ധമുണ്ടെന്നും സിംഗ് ആരോപിക്കുന്നു. സ്ഫോടനവുമായി ബിജെപിക്ക് ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാനും കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
പഞ്ചാബിലെ സമാധാനാന്തരീക്ഷം തകർക്കാൻ ലക്ഷ്യമിട്ട് അമൃത്സറിലും ജലന്ധറിലും നടന്ന ഇരട്ട സ്ഫോടനങ്ങൾ ബിജെപിയുടെ 'മിഷൻ പഞ്ചാബിന്റെ' ഭാഗമാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് അശാന്തി പടർത്താനാണ് ബിജെപി ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ സ്ഫോടനങ്ങളിലൂടെയും അക്രമങ്ങളിലൂടെയും ഭയമുണ്ടാക്കി വോട്ട് നേടുക എന്നത് ബിജെപിയുടെ രീതിയാണെന്നും എഎപിയുടെ രാജ്യസഭാ എംപി പറഞ്ഞു.
ബിജെപിയും പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്ന് സിംഗ് ആരോപിച്ചു. പത്താൻകോട്ട് ആക്രമണത്തിന്റെ അന്വേഷണത്തിനായി ഐഎസ്ഐ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചത് ഇതിന് ഉദാഹരണമാണെന്നും സിംഗ് ആരോപിക്കുന്നു.
സഞ്ജയ് സിംഗിന്റെയും ഭഗവന്ത് മന്നിന്റെയും പ്രസ്താവനകൾക്കെതിരെ ബിജെപി ശക്തമായി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരവും പക്വതയില്ലാത്തതുമാണെന്ന് പാർട്ടി കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ ക്രമസമാധാനം തകർന്നിരിക്കുകയാണെന്നും ജനങ്ങൾക്ക് സുരക്ഷ നൽകുന്നതിൽ എഎപി സർക്കാർ പരാജയപ്പെട്ടെന്നും ബിജെപി ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരെ ബിജെപി നിയമനടപടികൾ ആരംഭിക്കുകയും മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
മെയ് 5-നാണ് അമൃത്സറിലെ ഖാസ സൈനിക താവളത്തിന് സമീപവും ജലന്ധറിലെ ബിഎസ്എഫ് ആസ്ഥാനത്തിന് സമീപവും കുറഞ്ഞ തീവ്രതയുള്ള സ്ഫോടനങ്ങൾ നടന്നത്. സംഭവത്തിൽ എൻഐഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






