
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഫയൽ നശിപ്പിക്കൽ ദ്രുതഗതിയിൽ മുന്നേറുന്നു. കഴിഞ്ഞ ദിവസവും ആറ് മന്ത്രിമാരുടെ ഓഫീസിൽ നിന്ന് ഫയലുകൾ നീക്കിയതായി റിപ്പോർട്ടുകൾ. ഭരണമാറ്റം നടക്കാനിരിക്കെ ധൃതിപിടിച്ചുള്ള ഫയൽ നശിപ്പിക്കൽ വലിയ രീതിയിലുള്ള സംശയങ്ങൾക്ക് വഴിതുറക്കുകയാണ്.
എക്സിറ്റ്പോൾ ഫലം വന്നപ്പോൾ തന്നെ വിവിധ വകുപ്പുകളിൽ നിന്നുള്ള ഫയൽ നശിപ്പിക്കൽ ഊർജ്ജിതമായി ആരംഭിച്ചിരുന്നു. മന്ത്രിമാർ അഴിമതി ആരോപണങ്ങളിൽ നിന്ന് രക്ഷനേടാൻ നടത്തുന്ന പ്രവൃത്തിയാണിതെന്ന ആക്ഷേപം ശക്തമാകുന്നതിനെ തുടർന്ന് പുതിയ സർക്കാർ അധികാരത്തിലേറിയാലുടൻ ഇതേക്കുറിച്ച് അന്വേഷിക്കുമെന്ന് സൂചനയുണ്ട്.
ഇ-ഓഫീസ് സംവിധാനം നിലവിലുണ്ടെന്നിരിക്കെ, കടലാസ് ഫയലുകൾ ഉപയോഗിക്കുന്നത് എന്തിനാണെന്ന സംശയം ശക്തമാണ്. പെരുമാറ്റച്ചട്ടം നിലവിൽ വന്നപ്പോൾ മുൻ തീയതികൾ വച്ച് ഉത്തരവുകൾ ഇറക്കുകയോ വഴിവിട്ട സഹായങ്ങൾ നൽകുകയോ ചെയ്താൽ അവയ്ക്കുള്ള തെളിവുകൾ ഫയൽ നശിപ്പിക്കുന്നതിലൂടെ ഇല്ലാതാകും. ഇ-ഓഫീസ് വഴിയാണെങ്കിൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യമല്ല.
ഫയലുകൾ നശിപ്പിക്കുന്നത് നടപടിക്രമങ്ങൾ പാലിച്ചാണോ എന്ന സംശയവും ഉയരുന്നുണ്ട്. ഫയൽ സൂക്ഷിക്കാനുള്ള ചുമതല ചീഫ് സെക്രട്ടറിമാർക്കും വകുപ്പ് സെക്രട്ടറിമാർക്കുമാണ്. ഇവരുടെ അറിവോടെയാണോ കൂട്ടത്തോടെ ഫയൽ നശിപ്പിക്കുന്നത് എന്നും അറിയേണ്ടതുണ്ട്.






