
കൊൽക്കത്ത: ബിജെപി കാത്തിരുന്ന നിമിഷം എത്തി. പശ്ചിമബംഗാളിലെ പ്രഥമ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സ്ഥാനമേൽക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെയാണ് സുവേന്ദു അധികാരിയെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്ന കാര്യം ബിജെപി പരിഗണിക്കുന്നുണ്ട്. ഇതിൽ ഒന്ന് വനിതയ്ക്ക് നൽകാനാണ് സാധ്യത. സത്യപ്രതിജ്ഞാ ചടങ്ങുകൾ നാളെ കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. പുതിയ സർക്കാരിന് അധികാരമേൽക്കുന്നതിനായി ഗവർണർ ആർ.എൻ. രവി വ്യാഴാഴ്ച നിയമസഭ പിരിച്ചുവിട്ടിരുന്നു.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സുവേന്ദു ഭവാനിപ്പൂരിൽ മമത ബാനർജിയെ 1,105 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. 15 വർഷത്തെ തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് സുവേന്ദു അധികാരത്തിലെത്തുന്നത്.
കൊൽക്കത്തയിൽ നടന്ന നിയമസഭാ കക്ഷി യോഗത്തിൽ മുതിർന്ന ബിജെപി നേതാവും മുൻ സംസ്ഥാന അധ്യക്ഷനുമായ ദിലീപ് ഘോഷാണ് അധികാരിയുടെ പേര് നിർദ്ദേശിച്ചത്. കേന്ദ്ര നിരീക്ഷകനായി എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, സഹ നിരീക്ഷകൻ ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
കഴിഞ്ഞ മാസം നടന്ന വോട്ടെടുപ്പിൽ മമത ബാനർജിയുടെ ഭരണം അവസാനിപ്പിച്ച ബിജെപി, അവരുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടികളിലൊന്നാണ് നൽകിയത്.
കമ്മ്യൂണിസ്റ്റ് കാലം മുതൽ നിലനിന്നിരുന്ന അന്തരീക്ഷം മമത ബാനർജി കൂടുതൽ വഷളാക്കി, അവിടെ വോട്ട് ചെയ്യുന്നത് അസാധ്യമായിരുന്നു. ബിജെപിയിലും നരേന്ദ്ര മോദിയിലും വിശ്വാസമർപ്പിച്ച് ബംഗാളിലെ ജനങ്ങൾ നൽകിയ വലിയ വിജയത്തിന് നന്ദി പറയുന്നുവെന്ന് സുവേന്ദുവിനെ നിയമസഭാകക്ഷി നേതാവായി പ്രഖ്യാപിച്ചുകൊണ്ട് അമിത്ഷാ പറഞ്ഞു.
2020 ഡിസംബറിൽ തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന അധികാരി, 2021-ൽ നന്ദിഗ്രാമിൽ മമതയെ പരാജയപ്പെടുത്തിയിരുന്നു. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ മമതയുടെ കോട്ടയായ ഭവാനിപൂരിൽ നിന്ന് 15,000-ത്തിലധികം വോട്ടുകൾക്ക് വിജയിച്ചതോടെയാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടത്.






