
കാഞ്ഞങ്ങാട്: 42-ാമത് സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് സെമിഫൈനല്‍ പോരാട്ടങ്ങള്‍ ഇന്നുമുതല്‍. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കോഴിക്കോടും കൊല്ലവും സെമിയില്‍ കടന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ തൃശൂരിനെ തകര്‍ത്താണ് കോഴിക്കോടിന്റെ സെമിപ്രവേശം. സ്കോര്‍: 63-23. വിജയികള്‍ക്കുവേണ്ടി കെ. അക്ഷര 17 പോയിന്റുമായി ടോപ് സ്കോററായി. തീര്‍ഥ പ്രവീണ്‍ (15), അന്ന മറിയം(എട്ട്) എന്നിവരും തിളങ്ങി. ഒന്‍പതു പോയിന്റ് നേടിയ അന്ന മരിയ വിന്നി തൃശൂരിനായി മികച്ച പ്രകടനം കാഴ്ചവച്ചു.
എറണാകുളത്തെ 52-49 ന് കീഴടക്കിയ കൊല്ലമാണ് സെമിയില്‍ കോഴിക്കോടിന്റെ എതിരാളികള്‍. കൊല്ലത്തിനുവേണ്ടി ബ്രിസ ബിനു 25 പോയിന്റും ആത്മിക മോഹന്‍ 15 പോയിന്റും നേടി.
മറ്റൊരു മത്സരത്തില്‍ കണ്ണൂരിനെ 58-31 ന് തോല്‍പ്പിച്ച് തിരുവനന്തപുരം സെമിയില്‍ കടന്നു. തിരുവനന്തപുരം നിരയില്‍ വി. തേജസ്വിനി (25), എസ്. ദേവിക(12), സായ എം. ജഹാംഗീര്‍ (എട്ട്) എന്നിവര്‍ മികച്ച പ്രകടനം നടത്തി. കോട്ടയവും ആലപ്പുഴയും തമ്മിലുള്ള ക്വാര്‍ട്ടര്‍ മത്സരത്തിലെ വിജയികളെ തിരുവനന്തപുരം സെമിയില്‍ നേരിടും.
ഇന്നലെ രാവിലെ നടന്ന ലീഗ് മത്സരങ്ങള്‍ അവസാനിച്ചതോടെ ആണ്‍കുട്ടികളുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പ് പൂര്‍ത്തിയായി. തൃശൂര്‍, തിരുവനന്തപുരം, കോട്ടയം, എറണാകുളം, പാലക്കാട്, കണ്ണൂര്‍ എന്നിവര്‍ക്കൊപ്പം ആലപ്പുഴയും മലപ്പുറവും ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടി.
എറണാകുളത്തെ 69-39 ന് തോല്‍പ്പിച്ചാണ് കോട്ടയത്തിന്റെ ക്വാര്‍ട്ടര്‍ പ്രവേശം. സ്വരൂപ് ഗിരീഷ് 14 പോയിന്റുമായും കൗശിക് ലാല്‍: 12, അഭിനവ് സുരേഷ്: 11 എന്നിവര്‍ കോട്ടയത്തിന്റെ ജയത്തിനു ചുക്കാന്‍ പിടിച്ചു. 49 ന് എതിരേ 67 പോയിന്റ് നേടിയാണ് കോഴിക്കോടിനെ വീഴ്ത്തി ആലപ്പുഴ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. റെക്സണ്‍ ആന്റണി: 15, വി.എസ്. ധനീഷ്: 14, ഇവാന് ജോണ്‍: 10 എന്നിവര്‍ ആലപ്പുഴയ്ക്കായും വി. വിനായക്:19, പി: പ്രയാഗ്: 11 എന്നിവര്‍ കോഴിക്കോടിനായും മികച്ച പ്രകടനം കാഴ്ചവച്ചു.
102-97 ന് തിരുവനന്തപുരത്തെ മറികടന്ന് തൃശൂരും ക്വാര്‍ട്ടറില്‍ കടന്നു. മാധവ് കൃഷ്ണ: 22, സാവിയോ കെ. ജോസ്: 16, അലന് ആന്റണി:16, ഡി.വി. നിവേദ്: 14, അഭിനവ് രാജേഷ്: 12 എന്നിവര്‍ തൃശൂരിനായി മിന്നും പ്രകടനം കാഴ്ചവച്ചു. കേരള ബാസ്കറ്റ്ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കാസര്‍ഗോഡ് ജില്ലാ ബാസ്കറ്റ്ബോള്‍ അസോസിയേഷന് സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റിന്റെ സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്ന് ഉച്ചകഴിഞ്ഞ് 2:30 മുതല്‍ ആരംഭിക്കും.





