
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐ.പി.എല്‍) ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നോക്കൗട്ട് പ്രവേശ പ്രതീക്ഷ നിലനിര്‍ത്താന്‍
ജയം അനിവാര്യമായ മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ആദ്യം ബാറ്റ് ചെയ്ത് ഡല്‍ഹി ഉയര്‍ത്തിയ 143 റണ്‍ വിജയലക്ഷ്യം 34 പന്ത് ശേഷിക്കെ രണ്ടുവിക്കറ്റ്മാത്രം നഷ്ടപ്പെടുത്തി കൊല്‍ക്കത്ത മറികടന്നു. 47 പന്തില്‍ 10 സിക്സും അഞ്ചു ഫോറും അടക്കം സെഞ്ചുറി (100)യുമായി പുറത്താകാതെനിന്ന ഫിന് അലന്റെ വെടിക്കെട്ടാണ് കൊല്‍ക്കത്തയ്ക്ക് അനായാസ ജയം സമ്മാനിച്ചത്.
നായകന് അജിന്‍ക്യ രഹാനെ (13), ആങ്ക്രിഷ് രഘുവംശി (ഒന്ന്) എന്നിവരെ കുറഞ്ഞ സ്കോറില്‍ നഷ്ടപ്പെട്ട ശേഷമായിരുന്നു കൊല്‍ക്കത്തയുടെ കുതിപ്പ്. 27 പന്തില്‍ 33 റണ്ണുമായി കാമറൂണ്‍ ഗ്രീന്‍ പുറത്താകാതെനിന്നു. ജയത്തോടെ കൊല്‍ക്കത്ത 10 കളിയില്‍ ഒന്‍പത് പോയിന്റുമായി ഏഴാം സ്ഥാനത്തേക്കു കയറി. ഒരുകളി കൂടുതല്‍ കളിച്ച ഡല്‍ഹി എട്ടുപോയിന്റുമായി എട്ടാമതാണ്.
ഓപ്പണര്‍മാരും ഏഴാമനായെത്തിയ അശുതോഷ് ശര്‍മയും നായകന് അക്സര്‍ പട്ടേലും ഒഴികെയുള്ളവര്‍ ഒറ്റയക്കത്തില്‍ പുറത്തായതാണ് ഡല്‍ഹിയുടെ സ്കോറിങ്ങിനെ ബാധിച്ചത്. ഓപ്പണര്‍ പാത്തും നിസങ്ക 29 പന്തില്‍ 50 റണ്ണടിച്ച് ടീമിന്റെ ടോപ്സ്കോററായി. മൂന്നു സിക്സും അഞ്ചുഫോറും അടങ്ങുന്നതായിരുന്നു നിസങ്കയുടെ ഇന്നിങ്സ്. സഹ ഓപ്പണര്‍ കെ.എല്‍. രാഹുല്‍ 14 പന്തില്‍ നാലുഫോര് ഉള്‍പ്പെടെ 23 റണ്ണടിച്ചു.
പിന്നാലെ നിതീഷ് റാണ (എട്ട്), സമീര്‍ റിസ്വി (മൂന്ന്), ട്രിസ്റ്റന്‍ സ്റ്റബ്സ്(രണ്ട്) എന്നിവര്‍ ക്ഷണത്തില്‍ കൂടാരം കയറി. ഇതിനിടയില്‍ അര്‍ധസെഞ്ചുറി തികച്ചയുടന്‍ നിസങ്ക മടങ്ങിയത് ഇരുട്ടടിയായി. 22 പന്തില്‍ 11 റണ്ണുമായി അക്സര്‍ പട്ടേല്‍ ബാറ്റ് താഴ്ത്തി. 28 പന്തില്‍ 39 റണ്ണുമായി അശുതോഷ് ശര്‍മ നടത്തിയ പ്രകടനമാണ് ഡല്‍ഹിക്കു പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്.
മിച്ചല്‍ സ്റ്റാര്‍ക്ക് അക്കൗണ്ട് തുറക്കുംമുമ്പേ റണ്ണൗട്ടായി. ഇന്നിങ്സ് അവസാനിക്കുമ്പോള്‍ മൂന്നു റണ്ണുമായി വിപ്രാജ് നിഗമും ഒരു റണ്ണുമായി ലുന്‍ഗി എന്‍ഗിഡിയുമായിരുന്നു ക്രീസില്‍. കൊല്‍ക്കത്തയ്ക്കുവേണ്ടി കാര്‍ത്തിക് ത്യാഗി നാലോവറില്‍ 25 റണ്ണിനും അനുകുള്‍ റോയി 31 റണ്ണിനും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. വൈഭവ് അറോറ, സുനില്‍ നരെയ്ന്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റുമായി ഉറച്ച പിന്തുണ നല്കി.





