
ലഖ്നൗ: തുടര്‍ച്ചയായ ആറു മത്സരങ്ങളില്‍ തോല്‍വി രൂചിച്ച് ഐ.പി.എല്‍. പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്തേക്കു വീണ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ഒടുവില്‍ വിജയവഴിയില്‍. പരാജയത്തിനു പഴിയേറെക്കേട്ട ഋഷഭ് പന്തിന്റെ പട നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളുരുവിനെയാണ് തോല്‍പ്പിച്ചത്. മഴയെത്തുടര്‍ന്ന് ഇടയ്ക്കു മൂന്നുവട്ടം തടസപ്പെട്ടതോടെ 19 ഓവറായി ചുരുക്കിയ കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ മൂന്നു വിക്കറ്റിന് 209 റണ്ണടിച്ചു. ലഖ്നൗവിനെ വിറപ്പിച്ച് പൊരുതിക്കയറിയ ആര്.സി.ബി. ഒന്‍പത് റണ്ണിനാണ് പരാജയം സമ്മതിച്ചത്. അവസാനപന്ത് എറിയുമ്പോള്‍ ആറു വിക്കറ്റിന് 203 റണ്ണെന്ന നിലയിലായിരുന്നു ആര്.സി.ബി.
കൊല്‍ക്കത്തയെ അവരുടെ മണ്ണില്‍ വീഴ്ത്തിയാണ് ലഖ്നൗ അവസാനം വിജയമധുരം നുകര്‍ന്നത്. ഈഡന് ഗാര്‍ഡന്‍സില്‍ കഴിഞ്ഞമാസം ഒന്പതിനു നടന്ന മത്സരത്തില്‍ അവസാന പന്തിലാണ് ലക്ഷ്യമായ 182 റണ്‍ പന്തും സംഘവും താണ്ടിയത്. മൂന്നു വിക്കറ്റിനായിരുന്നു അന്നത്തെ ജയം. ആര്.സി.ബിക്കെതിരായ ജയം പോയിന്റ് പട്ടികയിലെ ലഖ്നൗവിന്റെ സ്ഥാനത്തിന് മാറ്റമൊന്നുമുണ്ടാക്കിയില്ല. 10 കളിയില്‍ ആറു പോയിന്റുമായി പട്ടികയില്‍ അവസാനസ്ഥാനത്ത് ലഖ്നൗ തുടരുന്നു. ഇത്രയും കളിയില്‍ തുല്യപോയിന്റുള്ള മുംബൈ മികച്ച റണ്‍റേറ്റിന്റെ ബലത്തില്‍ ഒന്‍പതാമതാണ്. 12 പോയിന്റുള്ള റോയല്‍ ചലഞ്ചേഴ്സ് ബംഗളുരു മൂന്നാമതാണ്.
സെഞ്ചുറിപ്രകടനവുമായി മിച്ചല്‍ മാര്‍ഷും മൂന്നു വിക്കറ്റുമായി വിക്കറ്റ്വേട്ടക്കാരില് മൂന്നാമതെത്തിയ പ്രിന്‍സ് യാദവും ആര്.സി.ബിക്കെതിരേ ലഖ്നൗവിനു ജയമൊരുക്കി. ഒന്പതുവീതം സിക്സും ഫോറും പറത്തി 82 പന്തില്‍ മാര്‍ഷ് 111 റണ്ണടിച്ചു. നിക്കോളാസ് പൂരന് (23 പന്തില്‍ 38), ഋഷഭ് പന്ത് (10 പന്തില്‍ രണ്ടു സിക്സും നാലുഫോറും ഉള്‍പ്പെടെ പുറത്താകാതെ 32), അര്ഷിന് കുല്‍ക്കര്‍ണി (17) എന്നിവര്‍ ലഖ്നൗ സ്കോര്‍ 200 കടത്തി. എയ്ഡന്‍ മാര്‍ക്രം ഒരു റണ്ണുമായി പന്തിനു കൂട്ടായി. ജോഷ് ഹെയ്സല്‍വുഡ്, കൃണാല്‍ പാണ്ഡ്യ, റാസിഖ് സലാം എന്നിവര്‍ ഓരോ വിക്കറ്റിന് അവകാശിയായി. ഐ.പി.എലില്‍ 200-ാം മത്സരത്തിനിറങ്ങിയ വെറ്ററന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ നാലോവറില്‍ 34 റണ്‍ വിട്ടുകൊടുത്തെങ്കിലും വിക്കറ്റൊന്നും കിട്ടിയില്ല.
മറുപടി പറഞ്ഞ ആര്.സി.ബിയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ജേക്കബ് ബെഥേലി(നാല്)നെ മുഹമ്മദ് ഷാമിയും വിരാട് കോഹ്ലി (പൂജ്യം)യെ പ്രിന്‍സ് യാദവും മടക്കി. രണ്ടു വിക്കറ്റിന് ഒന്‍പതു റണ്ണെന്ന നിലയില്‍ പതറിയ ആര്.സി.ബിയെ നായകന് രജത് പാട്ടീദാര്‍ വണ്‍ഡൗണായെത്തിയ ദേവ്ദത്ത് പടിക്കലിനെ കൂട്ടുപിടിച്ച് ഇന്നിങ്്സ് കരുപ്പിടിപ്പിച്ചു.
10.1 ഓവറില്‍ ടീം സ്കോര്‍ 104-ല്‍ നില്‍ക്കെ പടിക്കലിനെ സ്വന്തം ബൗളിങ്ങില്‍ പ്രിന്‍സ് യാദവ് പിടികൂടി. അതേ ഓവറിലെ അഞ്ചാം പന്തില്‍ ജിതേഷ് ശര്‍മ (ഒന്ന്) യും പ്രിന്‍സിനു കീഴടങ്ങി. വെടിക്കെട്ട് ബാറ്റിങ്ങുമായി അര്‍ധസെഞ്ചുറി തികച്ച് മുന്നേറിയ പാട്ടീദാറിനെ ഷഹ്ബാസ് അഹമ്മദിന്റെ പന്തില്‍ എയ്ഡന്‍ മാര്‍ക്രം പിടികൂടി. 31 പന്തില്‍ ആറു സിക്സും മൂന്നു ഫോറും അടക്കം 61 റണ്‍ നേടിയ പാട്ടീദാറിന്റെ പുറത്താകല്‍ ആര്.സി.ബിയെ പരാജയമുനമ്പിലാക്കി.
ഇംപാക്ട് പ്ലെയറായി കളത്തിലെത്തിയ വമ്പനടിക്കാരന്‍ ടിം ഡേവിഡ് വെടിക്കെട്ട് തീര്‍ത്തു. 17 പന്തില്‍ മൂന്നു സിക്സും നാലു ഫോറും ഉള്‍പ്പെടെ 40 റണ്‍ വാരിയ ഡേവിഡിനെ ഷഹ്ബാസ് അഹമ്മദ് പുറത്താക്കി. ദിഗ്വേഷ് റാത്തി ക്യാച്ചെടുത്തു. പിന്നീട് കൃണാല്‍ പാണ്ഡ്യ (16 പന്തില്‍ 28)യും റൊമാരിയോ ഷെപ്പേഡും ചേര്‍ന്ന് പൊരുതിയെങ്കിലും ടീമിനെ ജയത്തിലെത്തിക്കാനായില്ല. ദിഗ്വേഷ് റാത്തിയെറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ 20 റണ്‍ വേണ്ടിയിരുന്ന ആര്.സി.ബി. ബാറ്റര്‍മാര്‍ക്ക് 10 റണ്‍ മാത്രമാണു നേടാനായത്. സെഞ്ചുറി പ്രകടനവുമായി ലഖ്നൗ ഇന്നിങ്സിന്റെ നെടുംതൂണായ മിച്ചല്‍ മാര്‍ഷ് കളിയിലെ കേമനായി.





