
ന്യൂഡല്‍ഹി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഐ.പി.എല്‍. പോരാട്ടത്തിനിടെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഓപ്പണര്‍ കെ.എല്‍. രാഹുലിന് അപൂര്‍വ റെക്കോഡ്. ഐ.പി.എല്‍. ചരിത്രത്തില്‍ മൂന്നു വ്യത്യസ്ത ടീമുകള്‍ക്കായി ആയിരത്തിലധികം റണ്‍ നേടുന്ന ആദ്യതാരമെന്ന നേട്ടമാണ് കര്‍ണാടക സ്വദേശിയായ രാഹുലിനു സ്വന്തമായത്.
ഡല്‍ഹി ക്യാപ്പിറ്റല്‍സിനു പുറമേ പഞ്ചാബ് കിങ്സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ഫ്രാഞ്ചൈസികള്ക്കുവേണ്ടിയാണ് താരം ആയിരത്തിലധികം റണ്‍ നേടിയത്. ഇതില്‍ പഞ്ചാബ് കിങ്സിനായാണ് രാഹുല്‍ ഏറ്റവും അധികം റണ്‍ അക്കൗണ്ടിലാക്കിയത്; 2548 റണ്‍. ലഖ്നൗ ജഴ്സിയില്‍ 1410 റണ്ണടിച്ചപ്പോള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി ഇതുവരെ നേടിയത് 1002 റണ്‍. ഇന്നലെ 21 റണ്ണിലെത്തിയപ്പോഴാണ് അപൂര്‍വ നേട്ടം രാഹുലിനു സ്വന്തമായത്. പിന്നീട് രണ്ടു റണ്‍കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ കാര്‍ത്തിക് ത്യാഗിക്കു വിക്കറ്റ് സമ്മാനിച്ച് താരം പവലിയനിലേക്കു മടങ്ങി.
ഡല്‍ഹിക്കായി ഏറ്റവും വേഗത്തില്‍ 1,000 റണ്‍ തികച്ചതും രാഹുലാണ്. 23 ഇന്നിങ്സില്‍നിന്നാണ് ഈ നേട്ടം. 35 ഇന്നിങ്സില്‍ ഈ റെക്കോഡ് പങ്കിട്ടിരുന്ന ജെ.പി. ഡുമിനിയുടെയും ഋഷഭ് പന്തിന്റെയും പേരുകള്‍ റെക്കോഡ് പുസ്തകത്തില്‍നിന്നു മാഞ്ഞു.





