
തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രിത്തര്‍ക്കത്തില്‍ പന്ത് ഹൈക്കമാന്‍ഡിന്റെ കോര്‍ട്ടില്‍. മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന രമേശ് ചെന്നിത്തലയേയും വി.ഡി. സതീശനെയും കെ.പി.സി.സി. അധ്യക്ഷന്‍ സണ്ണി ജോസഫിനെയും ഡല്‍ഹിയിലേക്കു വിളിപ്പിച്ചു. മൂവരും ഇന്ന് രാവിലെ യാത്ര തിരിക്കും.
അതിനിടെ, കെ.സി. വേണുഗോപാലിനെ അനുകൂലിക്കുന്ന എം.എല്‍.എമാരുടെ പട്ടിക ചോര്‍ന്നതും വിവാദമായി. എ.ഐ.സി.സി. നിരീക്ഷകന് മുകുള്‍ വാസ്നിക്കിന്റെ കൈവശമുള്ള രേഖയെന്ന പേരില്‍ ഒരു ദേശീയമാധ്യമമാണ് ചിത്രം പുറത്തുവിട്ടത്. സന്ദീപ് വാര്യര്‍, സജീവ് ജോസഫ്, ടി.ഒ. മോഹനന്, ഉഷ വിജയന്, ടി. സിദ്ദിഖ് എന്നിവര്‍ വേണുഗോപാലിനെ പിന്തുണയ്ക്കുന്നതായാണ് ചിത്രത്തില്‍നിന്ന് വ്യക്തമാകുന്നത്.
ഐ.സി. ബാലകൃഷ്ണന് വേണുഗോപാലിനെയും ചെന്നിത്തലയേയും പിന്തുണയ്ക്കുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. പട്ടിക പുറത്തുവന്നതോടെ സണ്ണി ജോസഫ് നിശ്ചയിച്ചിരുന്ന പത്രസമ്മേളനം റദ്ദാക്കി. എം.എല്‍.എമാരില്‍ ഭൂരിപക്ഷത്തിന്റെയും പിന്തുണ വേണുഗോപാലിനാണെന്ന അഭ്യൂഹം ഇതോടെ ശക്തമായി.
എ.ഐ.സി.സി. നിരീക്ഷകരുമായി കഴിഞ്ഞ ഏഴിനു നടന്ന കൂടിക്കാഴ്ചയില്‍, 63 എം.എല്‍.എമാരില്‍ 47 പേരും വേണുഗോപാലിനെ പിന്തുണച്ചതായാണ് സൂചന. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാളെ ഹൈക്കമാന്‍ഡ് അന്തിമപ്രഖ്യാപനം നടത്തിയേക്കും. വേണുഗോപാലിനല്ല നറുക്ക് വീഴുന്നതെങ്കില്‍ അദ്ദേഹം എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുമെന്ന തരത്തിലും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു.






