
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി മുഖ്യമന്ത്രിക്കസേരയിലേക്ക്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ 15 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ച ബി.ജെ.പി, തെരഞ്ഞെടുപ്പ് ഫലം വന്നശേഷം ദിവസങ്ങളുടെ അനിശ്ചിതത്വത്തിനൊടുവിലാണ് മുഖ്യമന്ത്രിപദത്തിലേക്കു സുവേന്ദുവിന്റെ പേര് ഉറപ്പിച്ചത്.
കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ട്സില് ഇന്ന് രാവിലെ 11-ന് നടക്കുന്ന സത്യപ്രതിജ്ഞയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി. സംസ്ഥാനാധ്യക്ഷന്‍ നിതിന്‍ നബീന്, ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഗവര്‍ണര്‍ ആര്.എന്‍. രവി സത്യവാചകം ചൊല്ലിക്കൊടുക്കും.
ബി.ജെ.പി. കേന്ദ്രനിരീക്ഷകനായി ബംഗാളിലെത്തിയ അമിത് ഷാ, സഹനിരീക്ഷകനും ഒഡീഷ മുഖ്യമന്ത്രിയുമായ മോഹന്‍ ചരണ്‍ മാഞ്ചി എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തില്‍ ബി.ജെ.പി. മുന്‍ സംസ്ഥാനാധ്യക്ഷന്‍ കൂടിയായ ദിലീപ് ഘോഷാണ് സുവേന്ദുവിന്റെ പേര് നിര്‍ദേശിച്ചത്. അദ്ദേഹത്തെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തതായി യോഗത്തിനുശേഷം അമിത് ഷാ പ്രഖ്യാപിച്ചു.
കമ്യൂണിസ്റ്റ് ഭരണകാലം മുതലുള്ള ബംഗാളിന്റെ അന്തരീക്ഷം മമതാ ബാനര്‍ജി കൂടുതല്‍ വഷളാക്കിയെന്നും സ്വതന്ത്രമായി വോട്ട് ചെയ്യാനുള്ള സാഹചര്യം പോലുമില്ലായിരുന്നെന്നും ഷാ ആരോപിച്ചു. ബി.ജെ.പിയിലും നരേന്ദ്രമോദിയിലും വിശ്വാസമര്‍പ്പിച്ച ബംഗാള്‍ ജനതയ്ക്കു നന്ദി പറഞ്ഞ അദ്ദേഹം, ഇത് ശ്യാമപ്രസാദ് മുഖര്‍ജി(ജനസംഘം സ്ഥാപകന്‍)യുടെ സര്‍ക്കാരായിരിക്കുമെന്നും പ്രഖ്യാപിച്ചു.
മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ 15 വര്‍ഷം നീണ്ട തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം അവസാനിപ്പിച്ചാണ് ബി.ജെ.പി. ബംഗാളില്‍ ഐതിഹാസികവിജയം നേടിയത്. മമതയെ മടയില്‍ച്ചെന്ന് എതിര്‍ത്ത് തോല്‍പ്പിച്ച സുവേന്ദു അധികാരിയെത്തന്നെ മുഖ്യമന്ത്രിയായും വാഴിച്ചു.
മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു 2020-ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടശേഷം അവരുടെ ഏറ്റവും വലിയ എതിരാളിയും സംസ്ഥാനത്തു ബി.ജെ.പിയുടെ മുഖവുമായി മാറുകയായിരുന്നു. 2021-ല്‍ മമതയെ നന്ദിഗ്രാമില്‍ തോല്‍പ്പിച്ച സുവേന്ദു ഈ തെരഞ്ഞെടുപ്പില്‍ അവരുടെ തട്ടകമായ ഭവാനിപ്പൂരിലും 15,000 വോട്ടിന്റെ ഉജ്ജ്വലവിജയം നേടി.
രണ്ട് ഉപമുഖ്യമന്ത്രിമാരും സുവേന്ദു സര്‍ക്കാരില്‍ ഉണ്ടാകുമെന്നാണു സൂചന. കഴിഞ്ഞ രണ്ട് ദശാബ്ദമായി ബംഗാളില്‍ ഉപമുഖ്യമന്ത്രിമാരുണ്ടായിട്ടില്ല. ജ്യോതിബസു സര്‍ക്കാരില്‍ ബുദ്ധദേവ് ഭട്ടാചാര്യയായിരുന്നു ബംഗാളിലെ ഒടുവിലത്തെ ഉപമുഖ്യമന്ത്രി. വനിതാനേതാവ് അഗ്നിമിത്ര പോള്‍, ശങ്കര്‍ ഘോഷ് എന്നിവരെയാണ് ബി.ജെ.പി. ഉപമുഖ്യമന്ത്രിമാരായി പരിഗണിക്കുന്നത്. ഇരുവരുമായും അമിത് ഷാ പ്രത്യേകം ചര്‍ച്ച നടത്തി.






