
ദാഹം എന്നത് മാത്രമല്ല ശരീരത്തില്‍ വെള്ളം കുറയുന്നതിന്റെ ലക്ഷണം. വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണം വളരെ സാധാരണമാണ്, എന്നാല്‍ ദാഹം അനുഭവപ്പെടുന്നത് നിങ്ങളുടെ ശരീരത്തിലെ ജലാംശം ഇതിനകം കുറഞ്ഞു തുടങ്ങി എന്നതിന്റെ ആദ്യ സൂചന മാത്രമാണ്. അതിനാല്‍ ദാഹം തോന്നുന്നതുവരെ കാത്തുനില്‍ക്കാതെ കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുന്നത് ശീലമാക്കണം. പി.ഡി. ഹിന്ദുജ ഹോസ്പിറ്റലിലെ ഇന്റേണല്‍ മെഡിസിന്‍ കണ്‍സള്‍ട്ടന്റ് ഡോ. നിതേഷ് ജി മോറെ നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങളെയും അപകടങ്ങളെയും കുറിച്ച് പറയുന്നത് ഇങ്ങനെയാണ്....
നിര്‍ജ്ജലീകരണം അവഗണിച്ചാല്‍ എന്ത് സംഭവിക്കും?
തുടക്കത്തില്‍ നിര്‍ജ്ജലീകരണം വെള്ളം കുടിക്കുന്നതിലൂടെയോ ഒ.ആര്‍.എസ് (ORS) വഴിയോ പരിഹരിക്കാം. എന്നാല്‍ ഇത് അവഗണിച്ചാല്‍ വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകാനും (Renal shutdown), ബോധക്ഷയം, മസ്തിഷ്‌കക്കുഴപ്പം (Delirium) എന്നിവ ഉണ്ടാകാനും സാധ്യതയുണ്ട്. ഇത് ജീവന് തന്നെ ഭീഷണിയായേക്കാം.
നിര്‍ജ്ജലീകരണത്തിന്റെ 5 പ്രധാന ലക്ഷണങ്ങള്‍
ദാഹത്തിന് പുറമെ താഴെ പറയുന്ന ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക:
* വരള്‍ച്ച : ചുണ്ടുകള്‍ വരളുക, ഒട്ടിപ്പിടിക്കുന്ന അവസ്ഥ അല്ലെങ്കില്‍ വായ വരണ്ടുപോവുക, വായ്‌നാറ്റം.
* ചര്‍മ്മത്തിന്റെ ഇലാസ്തികത കുറയുക : കുഴിഞ്ഞ കണ്ണുകള്‍, കൈക്ക് പുറകിലെ ചര്‍മ്മം നുള്ളി വിട്ടാല്‍ പെട്ടെന്ന് പഴയപടിയാകാതിരിക്കുക.
* മൂത്രത്തിന്റെ നിറവ്യത്യാസം : മൂത്രത്തിന് കടും മഞ്ഞ അല്ലെങ്കില്‍ തവിട്ട് നിറം വരിക, മൂത്രത്തിന്റെ അളവ് ഗണ്യമായി കുറയുക.
* തലവേദന : ചലിക്കുമ്പോള്‍ കൂടുന്ന തരത്തിലുള്ള വിങ്ങുന്ന തലവേദനയും ഒപ്പം ഓക്കാനവും.
* മസ്തിഷ്‌ക മന്ദത (Brain Fog) : ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ട്, ഓര്‍മ്മക്കുറവ്, അമിതമായ ദേഷ്യം, അകാരണമായ തളര്‍ച്ച.
കുട്ടികളിലെ ലക്ഷണങ്ങള്‍
ശിശുക്കളിലും ചെറിയ കുട്ടികളിലും താഴെ പറയുന്നവ ശ്രദ്ധിക്കണം:
* കുറഞ്ഞ അളവില്‍ മാത്രം മൂത്രം ഒഴിക്കുക (നനഞ്ഞ ഡയപ്പറുകളുടെ എണ്ണം കുറയുക).
* കരയുമ്പോള്‍ കണ്ണുനീര്‍ വരാതിരിക്കുക.
* തലയിലെ മൃദുവായ ഭാഗം (Fontanelle) കുഴിഞ്ഞിരിക്കുക.
* അമിതമായ വാശി അല്ലെങ്കില്‍ അസ്വസ്ഥത.
അപകട സാധ്യതയുള്ളവര്‍ (Red Flags)
ചില ലക്ഷണങ്ങള്‍ കണ്ടാല്‍ ഒട്ടും വൈകാതെ ആശുപത്രിയില്‍ എത്തിക്കണം:
* അതിവേഗത്തിലുള്ള ഹൃദയമിടിപ്പ്.
* വേഗത്തിലുള്ള ശ്വാസോച്ഛ്വാസം.
* 8 മണിക്കൂറില്‍ കൂടുതല്‍ മൂത്രം ഒഴിക്കാതിരിക്കുക.
* ബോധക്ഷയം അല്ലെങ്കില്‍ ആശയക്കുഴപ്പം.
പ്രതിരോധ മാര്‍ഗങ്ങള്‍
* ധാരാളം വെള്ളം കുടിക്കുക.
* അമിതമായി വിയര്‍ക്കുകയോ, ഛര്‍ദ്ദി, വയറിളക്കം എന്നിവ ഉണ്ടാവുകയോ ചെയ്താല്‍ ഇലക്ട്രോലൈറ്റുകള്‍ അടങ്ങിയ പാനീയങ്ങള്‍ (ORS പോലുള്ളവ) ഉപയോഗിക്കുക.
* വായുസഞ്ചാരമുള്ള സ്ഥലങ്ങളില്‍ ഇരിക്കാന്‍ ശ്രദ്ധിക്കുക.






