
തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ആലോചനകളും ന്യൂഡല്‍ഹിയില്‍ പുരോഗമിക്കുമ്പോള്‍ കേരളത്തില്‍ പ്രതിപക്ഷ നേതാവ് ആരെന്ന് അറിയാനുള്ള ആകാംഷയും കൂടുന്നു. പിണറായി വിജയന് തന്നെ പ്രതിപക്ഷ നേതാവാകുമോ എന്ന ആശങ്കകള്‍ക്ക് ഇടയില്‍ നാളെ നടക്കുന്ന പി.ബി. യോഗത്തില്‍ ഇക്കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനം എടുക്കുമെന്നാണ് വിവരം.
നാളെ ചേരുന്ന പി.ബി. യോഗത്തില്‍ തീരുമാനം എടുക്കുമെന്നാണ് സൂചനകള്‍. നിലവിലെ സാഹചര്യത്തില്‍ പിണറായി തന്നെ പ്രതിപക്ഷ നേതാവാകുമെന്നാണ് വിവരം. പിണറായി വിജയന് ഈ തീരുമാനത്തോട് വിമുഖത പ്രകടിപ്പിച്ചാല്‍ മാത്രമേ മറ്റൊരാളെ പരിഗണിക്കേണ്ട സാഹചര്യമുള്ളു. നേരത്തേ പ്രായത്തിന്റെ കാര്യത്തില്‍ ഇളവ് നല്‍കിയാണ് പിണറായിയെ തെരഞ്ഞെടുപ്പില്‍ പി. ബി. മത്സരിപ്പിച്ചത്.
സംസ്ഥാനത്ത് ഏറ്റ വന്‍ തോല്‍വിക്ക് പിന്നാലെ സംസ്ഥാന സെക്രട്ടേറിയേറ്റ് ചേര്‍ന്നെങ്കിലും പ്രതിപക്ഷനേതാവ് കാര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നില്ല. പ്രതിപക്ഷ നേതൃസ്ഥാനം പിണറായി വേണ്ടെന്ന് വെച്ചാല്‍ ധനമന്ത്രിയായിരുന്ന ബാലഗോപാലിനായിരിക്കും നറുക്ക് വീഴുക. എന്തായാലും പിണറായി വിജയന് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന നാളത്തെ പിബിയോഗത്തിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകും.






