
ന്യൂഡല്‍ഹി: ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്ന് ദേശീയ തലസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പോലീസും മറ്റ് സുരക്ഷാ ഏജന്‍സികളും നഗരത്തിലെ തന്ത്രപ്രധാനമായ ഇടങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.ദീന് ദയാല്‍ ഉപാധ്യായ മാര്‍ഗിലുള്ള ബി.ജെ.പി ആസ്ഥാനത്തും സമീപത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സുരക്ഷ വര്‍ദ്ധിപ്പിച്ചു.
കൂടുതല്‍ സായുധ സേനയെ വിന്യസിക്കുകയും ബാരിക്കേഡുകള്‍ സ്ഥാപിച്ച് വാഹന പരിശോധന കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ട്. ചാവേര്‍ ആക്രമണങ്ങള്‍, സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനങ്ങള്‍, വെടിവെപ്പ് എന്നിവയിലൂടെ തിരക്കേറിയ സ്ഥലങ്ങളും പ്രധാന ഓഫീസുകളും ഭീകരര്‍ ലക്ഷ്യമിടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
പ്രധാന സര്‍ക്കാര്‍ കെട്ടിടങ്ങള്‍, മാര്‍ക്കറ്റുകള്‍, ബസ്-മെട്രോ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ പരിശോധനകള്‍ പുരോഗമിക്കകയാണ്. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, ക്വിക് റിയാക്ഷന് ടീമുകള്‍ എന്നിവയോട് അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഡല്‍ഹി ഫയര്‍ സര്‍വീസിനും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംശയകരമായ സാഹചര്യത്തില്‍ കാണപ്പെടുന്ന വ്യക്തികള്‍, ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്‍, പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി അധികൃതരെ അറിയിക്കാന്‍ പോലീസ് നിര്‍ദ്ദേശിച്ചു. ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ പ്രാദേശിക പോലീസ് പ്രത്യേക പരിശോധനകളും വെരിഫിക്കേഷനുകളും നടത്തിവരികയാണ്.
'ഓപ്പറേഷന് സിന്ദൂറി'ന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ പ്രമുഖക്ഷേത്രം, ഹരിയാനയിലെ സൈനിക ക്യാമ്പ്, ഡല്‍ഹി-സോനാപേട്ട് ഹൈവേയിലെ പ്രശസ്തമായ ധാബ (ഭക്ഷണശാല) എന്നിവിടങ്ങളില്‍ പാകിസ്താന് ചാരസംഘടനയായ ഐ.എസ്.ഐ. ഭീകരാക്രമണങ്ങള്‍ക്കു പദ്ധതിയിട്ടിരുന്നതായി നേരത്തേ കണ്ടെത്തിയിരുന്നു.






