കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ വിജയത്തേരോട്ടം തുടരാന്‍ കേരളാ ബ്ലാസ്റ്റേഴ്സ്. സ്വന്തം തട്ടകമായ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വൈകിട്ട് അഞ്ച് മുതല്‍ നടക്കുന്ന മത്സരത്തില്‍ മുഹമ്മദന്‍സ് എഫ്സിയാണ് എതിരാളികള്‍. ഹോം ഗ്രൗണ്ടില്‍ നടന്ന കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഒഡീഷയെയും (2-1) ജംഷഡ്പൂരിനെയും (2-0) തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്.
സീസണിന്റെ തുടക്കത്തില്‍ ഡേവിഡ് കറ്റാലയ്ക്ക് കീഴില്‍ തുടര്‍ച്ചയായ തോല്‍വികള്‍ വഴങ്ങി തരംതാഴ്ത്തല്‍ ഭീഷണി നേരിട്ട ടീമിനെ പുതിയ കോച്ച് ആഷ്ലി വെസ്റ്റ്വുഡിന്റെ വരവാണ് വിജയ വഴിയിലാക്കിയത്. ഇംഗ്ലീഷ് കോച്ചിനു കീഴില്‍ പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ താളം കണ്ടെത്താന്‍ ടീമിന് കഴിഞ്ഞു. ഗോള്‍ കീപ്പര്‍ അര്ഷിന്റെ തകര്‍പ്പന്‍ പ്രകടനവും വിക്ടര്‍ ബെര്‍തോമ്യു, മത്തിയാസ് ഹെര്‍ണാണ്ടസ്, നിഹാല്‍ സുധീഷ്, വിപിന്‍ മോഹനന് തുടങ്ങിയവരുടെ മികച്ച ഫോമും ടീമിന് പ്രതീക്ഷ നല്കുന്നു.
11 കളിയില്‍നിന്ന് മൂന്ന് ജയത്തോടെ 11 പോയിന്റുമായി ഇന്റര്‍ കാശിക്കൊപ്പം എട്ടാം സ്ഥാനത്താണ് അവര്‍. പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ള മുഹമ്മദന്‍സ് എഫ്.സിക്ക് മത്സരം നിര്‍ണായകമാണ്. കളിച്ച പത്ത് മത്സരങ്ങളില്‍ ഏഴിലും തോറ്റ അവര്‍ക്ക് ലീഗില്‍ തിരിച്ചുവരാന്‍ ജയം അനിവാര്യം.
ഔദ്യോഗിക ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ ബഹിഷ്കരണം നിലനില്‍ക്കുന്നുണ്ടെങ്കിലും ആരാധകര്‍ ഇന്ന് സ്റ്റേഡിയത്തിലെത്തുമെന്നാണു ക്ലബ് അധികൃതരുടെ പ്രതീക്ഷ. മുന്‍ താരം മുഹമ്മദ് റാഫി ഇന്ന് നേരിട്ട് കളി കാണാന്‍ സ്റ്റേഡിയത്തില്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ അവസാന മത്സരം 17 നു ഗോവ എഫ്.സിക്കെതിരേയാണ്.





