മാഡ്രിഡ്: പരിശീലനത്തിനിടെ തമ്മിലടിച്ച ഔറേലിയന്‍ ചൗയാമെനിക്കും ഫെഡറികോ വാല്വര്ദെയ്ക്കും പിഴ ശിക്ഷ വിധിച്ച് സ്പാനിഷ് ഫുട്ബോള്‍ ക്ലബ് റയാല്‍ മാഡ്രിഡ്. 500,000 യൂറോ വീതമാണ് ഇരുവര്‍ക്കും പിഴ ശിക്ഷ വിധിച്ചത്.
പിഴ ശിക്ഷയോടെ ഇരുവര്‍ക്കുമെതിരായ അന്വേഷണം അവസാനിപ്പിച്ചതായും റയാല്‍ മാഡ്രിഡ് ക്ലബ് അധികൃതര്‍ വ്യക്തമാക്കി. തമ്മിലടിയെ തുടര്‍ന്നു മുഖത്തിനു പരുക്കേറ്റ ഫെഡറികോ വാല്‍വര്‍ദെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ബാഴ്സലോണയ്ക്കെതിരേ ഇന്നു നടക്കുന്ന ലാ ലിഗയിലെ എല്‍ ക്ലാസിക്കോയില്‍ വാല്‍വര്‍ദെയ്ക്കു കളിക്കാനാകില്ല. ഔറേലിയന്‍ ചൗയാമെനി ഇന്നലെ ടീമിനൊപ്പം പരിശീലനം നടത്തി. താരങ്ങള്‍ ക്ലബിനോടും സഹതാരങ്ങളോടും കോച്ചിങ് സ്റ്റാഫിനോടും ക്ഷമാപണം നടത്തിയതായി റയാല്‍ മാഡ്രിഡ് വ്യക്തമാക്കി.
റയാലിന്റെ ട്രെയിനിങ് ഗ്രൗണ്ട് വാല്ദെബാസില് വച്ചായിരുന്നു തമ്മിലടി. കോച്ച് ആല്‍വാറോ അര്ബെയോ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണു താരങ്ങളെ പിടിച്ചു മാറ്റിയത്. വാല്‍വര്‍ദെയുടെ മുഖത്ത് സ്റ്റിച്ചിടേണ്ടി വന്നെന്നാണു സൂചന. പരിശീലനത്തിനിടെ ഔറേലിയന്‍ ചൗയാമെനി വാല്‍വര്‍ദെയെ ഫൗള്‍ ചെയ്യാന്‍ ശ്രമിച്ചതാണു തര്‍ക്കത്തിനു തുടക്കമിട്ടത്.





