ലോകബാങ്ക് സഹായത്തോടെ റോഡ് നിര്‍മ്മാണത്തിന് 1800 ക്യു.മീ. പാറ േവണ്ടിടത്ത് 1.8 ലക്ഷം ക്യു.മീ. എന്ന് ഫയലില്‍ തീരുമാനമായപ്പോള്‍ സര്‍ക്കാരിന് വേണ്ടപ്പെട്ട മൂന്നക്ഷര നിര്‍മ്മാണക്കമ്പനിക്ക് അധികമായി 65 കോടി കിട്ടി. 108 ആംബുലന്‍സിനും ഇതായിരുന്നുവത്രെ ഗതി. 2018-ലെ പ്രളയം മനുഷ്യനിര്‍മ്മിതമായിരുന്നു എന്നു തുടങ്ങി ദീര്‍ഘകാലം ഭരണസംവിധാനത്തിന്റെ തലപ്പത്തിരുന്ന ഐ.എ.എസ് ഉദ്യോഗസ്‌ഥന്‍ ബിജു പ്രഭാകര്‍ ഹിമാലയന്‍ അഴിമതിക്കഥകളിലെ നായകര്‍ യൂണിയനുകളാണെന്ന് തുറന്നടിക്കുന്നു-നാം നമ്മെ കൊള്ളയടിക്കുന്നു എന്ന പുതിയ പുസ്‌തകത്തിലൂടെ ജനപ്രതിനിധികളും ഐ.എ.എസുകാരും ഉള്‍പ്പെട്ട ഈ അഴിമതിക്കഥകളിലെ യഥാര്‍ത്ഥ നായകര്‍ യൂണിയനുകളാണത്രെ. സര്‍ക്കാര്‍ സംവിധാനത്തെ അര്‍ബുദം പോലെ പടര്‍ന്നുപിടിക്കുന്ന അഴിമതിയുടെ മഹാനിലവറകള്‍ തുറക്കുകയാണ് മുന്‍ വൈസ്‌ചാന്‍സിലറും വകുപ്പുമേധാവിയുമായിരുന്ന ഡോ. ബി. അശോക്. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നതന്മാര്‍ക്കെതിരെ ആരോപണക്കൊടുങ്കാറ്റ് അഴിച്ചുവിടുകയാണ് പ്രശാന്ത് ഐ.എ.എസ്. കള്ളന്‍ കപ്പലില്‍ത്തന്നെ എന്ന് വെളിപ്പെടുത്തുന്നതാണ് ഐ.എ.എസ് പ്രഖ്യാപനങ്ങള്‍.
ഇങ്ങനെയും രാജ്യം ഭരിക്കാം
ക്ര?യേഷ്യയിലെ പ്രസിഡന്റിനെ ലോകം ഓര്‍ക്കുക രാജ്‌ഞിയായോ സെലിബ്രിറ്റിയായോ ആയിരിക്കില്ല; സാധാരണ പൗരനെപ്പോലെ ലളിതമായി ജീവിക്കുകയും സര്‍ക്കാര്‍ ചിലവുകള്‍ക്ക് തടയിടുകയും ചെയ്‌ത ഭരണാധികാരി എന്ന നിലയ്‌ക്കായിരിക്കും. മന്ത്രിമാരുടെ മേഴ്‌സിഡസ് കാറുകള്‍ വിറ്റ് ഖജനാവിലടച്ചു. പ്രസിഡന്റിന്റെ സ്വകാര്യ ജറ്റുവിമാനം വേണ്ടെന്നുവച്ചു. എല്ലാവരുടേയും ശമ്പളം 30 ശതമാനം കുറവു ചെയ്‌തു. ആര്‍ഭാടങ്ങള്‍ക്കായി വായ്‌പ വാങ്ങില്ലെന്ന് പ്രഖ്യാപിച്ചു. എംബസികള്‍ ആവശ്യമില്ലാത്തതെല്ലാം അടച്ചു. പ്രസിഡന്റ് സദാ ട്രെയിനിലും വിമാനത്തിലും യാത്ര ചെയ്‌തു. സാധാരണ കുടുംബങ്ങളുടെ നികുതി ഒഴിവാക്കി. അടിമുടി അഴിമതി നിര്‍മ്മാര്‍ജ്‌ജനം ചെയ്‌തു. രാജ്യത്തെ മാറ്റത്തിലേക്കു നയിച്ച പ്രസിഡന്റ് സൊറാന്‍ മിലമനോവികീനെ 74 ശതമാനം വോട്ടു നല്‍കി ആ രാജ്യം വീണ്ടും വാഴിച്ചു.
ആശയ വൈഭവം
സിനിമാ പരസ്യങ്ങളുടെ പതിവുരീതി മാറ്റിമറിച്ചത് ദേശാടനത്തില്‍ ജയരാജാണ്. ആ ചിത്രത്തിന്റെ പരസ്യത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, സുരേഷ്‌ഗോപി, ശോഭന എന്നിവര്‍ ഞങ്ങളിതില്‍ അഭിനയിച്ചിട്ടില്ല; ഉണ്ടായിരുന്നെങ്കില്‍ എന്നാശിക്കുന്നു എന്ന് പറയുന്നു. തകഴിയുടെ 'ഏണിപ്പടികള്‍'ക്ക് പ്രചോദനമായത് പനമ്പിള്ളി ഗോവിന്ദമേനോനായിരുന്നു. 'മയൂരസന്ദേശ'മെഴുതാന്‍ ഹരിപ്പാട് സുബ്രഹ്‌മണ്യക്ഷേത്രത്തിലെ മയിലാണ് പ്രേരകമായത്. ആശയവൈഭവംകൊണ്ട് വലിയ പ്രേരകമായവരെക്കുറിച്ച് കഥക്കൂട്ടില്‍ തോമസ് ജേക്കബ്.
നവോത്ഥാനവഴിയിലെ
ധീരവനിതകള്‍
ഭാരതത്തിലെ ആദ്യകാല വനിതാ സ്വാതന്ത്ര്യ സമര പ്രവര്‍ത്തകരായ ചിറ്റൂര്‍ റാണി ചേന്നമ്മ, അക്കാമ്മ ചെറിയാന്‍, യമുനാഭായി സവര്‍ക്കര്‍, കമലാദേവി ചാതാപാദ്ധ്യായ, സാവിത്രി ഭായി ഫുലേ, ക്യാപ്‌റ്റന്‍ ലക്ഷ്‌മി, ലെഫ്. സരസ്വതി രാജാമണി, സരോജിനി നായിഡു, എ.വി. കുട്ടിമാളുഅമ്മ തുടങ്ങി 14 ധീരവനിതകളുടെ തൂലികാചിത്രങ്ങളാണീ കൃതിയില്‍. വൈദിക സാഹിത്യത്തിലെ ഗാര്‍ഗി, സാവിത്രി, ലോപാമുദ്ര, ഇന്ദ്രാണി തുടങ്ങിയ വീരാംഗനകളും പരാമൃഷ്‌ടമാകുന്നു. ഇവരെല്ലാം യുദ്ധനിപുണരും വേദപണ്ഡിതകളുമായിരുന്നു. ഈ മഹത്തായ പാരമ്പര ശൃംഘലയിലെ കണ്ണികളെ വിദ്യാര്‍ത്ഥികള്‍ക്കും പുതുതലമുറക്കും ഉപയുക്‌തമാവുംവിധം ഹൃദ്യമായവതരിപ്പിക്കുകയാണ് കഥാകാരികൂടിയായ പ്രശാന്തി ചൊവ്വര (പെലിക്കണ്‍-80 രൂപ).
സംഗീതത്തില്‍
മതം കലര്‍ത്തുന്നോ?
കോട്ടയത്തെ ഒരു ക്ഷേത്രപരിസരത്ത് നന്ദഗോവിന്ദം ഭജന്‍സ് നടത്തിയ പരിപാടിക്കിടയില്‍ ക്രിസ്‌ത്യന്‍ ഭക്‌തിഗാനം ആലപിച്ചത് വിവാദമായിരിക്കുന്നു. സംഗീതത്തില്‍ മതം കലര്‍ത്തരുതെന്ന് കവിയും ചലച്ചിത്രകാരനുമായ ശ്രീകുമാരന്‍തമ്പി. ശബരിമല അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനം യേശുദാസാണ് പാടിയിരിക്കുന്നത്. കാശി വിശ്വനാഥന്‍ ഉണരുന്നത് ഉസ്‌താദ് ബിസ്‌മില്ലാഖാന്റെ ഷഹനായി കേട്ടിട്ടാണ്. അദ്ദേഹത്തിന്റെ അമ്മാവന്‍ അലിബക്‌സ് വിലായത്‌ഖാന്‍ കാശി വിശ്വനാഥ ക്ഷേത്രത്തിലെ ആസ്‌ഥാന ഷഹനായി വാദകനായിരുന്നു. സനാതന ധര്‍മ്മത്തെപ്പോലെ സംഗീതവും എല്ലാ മനുഷ്യരേയും ഏകോപിപ്പിക്കുന്ന ദര്‍ശനമാണെന്നും ശ്രീകുമാരന്‍ തമ്പി. മലയാളം എക്കാലവും നെഞ്ചേറ്റുന്ന നിരവധി ക്രിസ്‌ത്യന്‍-ഇസ്ലാം ഭക്‌തിഗാനങ്ങള്‍ രചിച്ച ശ്രീകുമാരന്‍ തമ്പിയേക്കാള്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ യോഗ്യനായ മറ്റാരുണ്ട്‌്? (മാതൃ. ഏപ്രില്‍ 24).
മന്നവും പൂരം വെടിക്കെട്ടും
നായര്‍ കുടുംബക്ഷേത്രങ്ങളായ പാറമേക്കാവും തിരുവമ്പാടിയും തമ്മിലുള്ള താന്‍പോരിമയും പ്രതാപവും പ്രൗഡിയും പൊതുജനമധ്യത്തില്‍ പ്രദര്‍ശിപ്പിക്കുന്ന പൂരം വെടിക്കെട്ടിനെക്കുറിച്ച് മന്നത്ത് പത്മനാഭന്‍ പറഞ്ഞ വാക്കുകള്‍ ഇന്നും പ്രസക്‌തമാവുന്നു. കരയോഗാതിര്‍ത്തിയിലെ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്കും ദരിദ്രരായ സ്‌ത്രീകള്‍ക്കും സഹായകമാകാതെ അവിടത്തെ കരയോഗം കാലത്തിന്റെ മാറ്റം തിരിച്ചറിയാത്ത യാഥാസ്‌ഥിതികരാണെന്ന് പറയേണ്ടിവന്നതില്‍ വ്യസനിക്കുന്നുവെന്ന് മന്നം. അവരുടെ പൂരഭ്രമവും വെടിക്കെട്ടുഭ്രമവും കുറയാതെ സമുദായത്തിന് ഒരുരക്ഷയുമില്ല. ദൈവം ദ്രവ്യസ്വരൂപനാണെന്ന് തെറ്റിദ്ധരിച്ച് കൊല്ലംതോറും എത്ര പണമാണ് പുകച്ചുകളയുന്നത്? (എന്റെ ജീവിതസ്‌മരണകള്‍-മന്നം).
മൃതിതാളം
മൃതപ്രായനായ ഗായകന്‍ മൈക്കല്‍ ജാക്‌സന്റെ നെഞ്ചില്‍ സി.പി.ആര്‍. നല്‍കിക്കൊണ്ട് ഡോ. കോണ്‍റാഡ് മുറെ ഒരവസാന ശ്രമം നടത്തുകയാണ്. ധക്, ധക്, ധക്....തന്റെ കൈത്തലങ്ങളുടെ മര്‍ദ്ദം താളത്തില്‍ ജാക്‌സന്റെ വാരിയെല്ലുകളില്‍ ഏല്‍പ്പിക്കുന്നു. അമിതമായ മരുന്നുപയോഗവും നിദ്രയില്ലായ്‌മയുംകൊണ്ട് ആന്തരാവയവങ്ങളുടെ ശക്‌തി ക്ഷയിച്ചിരുന്നു; ജാക്‌സന്റെ വാരിയെല്ലുകളില്‍ ചിലത് ഒടിഞ്ഞിരുന്നതായി മരണവാര്‍ത്തയിലുണ്ടായിരുന്നെന്ന് സുഭാഷ് ചന്ദ്രന്‍. (മാതൃ. ആഴ്‌ച. മെയ് 3).
അലസതാ വിലസിതം
മനുഷ്യാവസ്‌ഥയുടെ മഹത്വവും ഭാവനാസിദ്ധിയും പ്രതിരോധവും വീണ്ടെടുപ്പുമൊക്കെയായി അവതരിക്കാന്‍ കഴിയുന്ന അലസത, സന്തുലിത സുസ്‌ഥിര ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്തതുതന്നെയാണെന്ന് ഡോ. പ്രമീളാദേവി. ഉത്തരവാദിത്വങ്ങളില്‍നിന്നുള്ള ഒളിച്ചോട്ടമായല്ല, ധ്യാനാത്മകമായ ഇടവേളയെന്ന നിലയില്‍ അലസത ഗുണകരമായി ഭവിക്കുന്നു. പരിശ്രമത്തിന്റെയും വിശ്രമത്തിന്റെയും യുക്‌തിസഹമായ സമ്മേളനം ചെയ്യാതിരിക്കാനാണെനിക്കിഷ്‌ടം എന്നു പറയുന്ന ഹെര്‍മന്‍ മെല്‍വില്‍, ഇവാന്‍ ഗൊന്‍ചരോവ്, വില്യംവേഡ്‌സ് വര്‍ത്ത്, മൊണ്ടെയ്‌ന്‍, ഗ്രഹാം വാലസ്, ഐന്‍സ്‌റ്റീന്‍ തുടങ്ങിയവരുടെ അലസതാ ചിന്തകളേയും ലേഖിക നിരീക്ഷിക്കുന്നു. (തന്മ. മാര്‍ച്ച്)
വിഷുക്കൈനീട്ടം
പൂനയില്‍നിന്നും ഒരു മറുനാടന്‍ വിഷുക്കൈനീട്ടം സാഹിത്യവിഭവങ്ങളാല്‍ രുചിപ്രദം. പ്രഭാവര്‍മ്മ, എം.എന്‍. കാരശേരി, കല്‌പറ്റ നാരായണന്‍, ശിഹാബുദ്ദീന്‍ പൊയ്‌തുംകടവ്, ആലങ്കോട് തുടങ്ങിയവരുടെ രചനകള്‍. പ്രതിനിധീകരിക്കുന്ന പ്രദേശത്തെ ആ പ്രദേശത്തേക്കാള്‍ ആവിഷ്‌ക്കരിക്കുന്ന ഭൂപടങ്ങളാണ് കവിതകള്‍. അതിലൂടെ മറ്റൊരു രാജ്യത്തിന്റെ ഭൂസ്‌ഥിതിയും ആവിഷ്‌ക്കരിക്കുന്ന ഒരു വിചിത്രമായ ഭൂപടമെന്ന് കല്‌പറ്റ. (വാഗ്‌ദേവത-ഏപ്രില്‍)
തൃശൂര്‍ പൂരത്തിന്റെ അടുക്കള വിശേഷങ്ങള്‍
തൃശൂര്‍ പൂരത്തിന് ഹോട്ടലുകള്‍ക്കൊപ്പം വീടുകളും ഉണരും. വീട്ടടുക്കളകള്‍ ലൈവ് റെസ്‌റ്റോറന്റുകളാകും. ബന്ധുക്കളും സുഹൃത്തുക്കളും വിരുന്നിനെത്തും. മാമ്പഴപ്പുളിശേരിയും ചക്ക എരിശേരിയും നാലു കറികളും പായസവും ചേര്‍ന്നതാണ് പൂരസദ്യ. ഇടവേളയില്‍ ഉണ്ണിയപ്പവും ഉപ്പേരിയും. പകല്‍പ്പൂരം കഴിഞ്ഞ് ഉപചാരം െചൊല്ലിപ്പിരിഞ്ഞാല്‍ പൂരക്കഞ്ഞി. കുത്തരിക്കഞ്ഞി, മോരുകറി, മാങ്ങാ അച്ചാര്‍, പപ്പടം, ശര്‍ക്കര, തേങ്ങാപ്പൂള്. അമ്പിസ്വാമിയും വെളപ്പായ കണ്ണന്‍രാഹുലുമാണ് പാറമേക്കാവിനും തിരുവമ്പാടിക്കും പൂരക്കണിയൊരുക്കുന്നതെന്ന് എം.പി. സുരേന്ദ്രന്‍. പൂരം ഭഗവതിമാരുടെ ഉത്സവമാണ്. വീടുകളിലെ മാനേജ്‌മെന്റ് വീട്ടുഭഗവതിമാര്‍. അടുക്കളയുടെ ചരിത്രം എഴുതാത്ത കൂട്ടുകഥകളുടെകൂടി പൂരമായി മാറുന്നു. (മാതൃ. ഏപ്രില്‍ 26).
വിരസപംക്‌തി നിര്‍ഭരം
അത്യന്തം വിരസമായ പംക്‌തികളാല്‍ നിര്‍ഭരമാണ് മുഖ്യധാരാ പ്രസിദ്ധീകരണങ്ങളില്‍ മിക്കതും. കേശാദിപാദം പംക്‌തിഭൂഷണങ്ങളാല്‍ അലംകൃതം. പത്രാധിപരുടെ പണി എളുപ്പമാക്കാന്‍ തുടങ്ങുന്ന ഇവകള്‍ പോകപ്പോകെ എട്ടിന്റെ പണി തന്നുതുടങ്ങും. എം.പി. നാരായണപിള്ള മുമ്പൊരിക്കല്‍ ഇന്ത്യാ ടുഡെയെക്കുറിച്ച് പറഞ്ഞതുപോലെ ബാര്‍ബര്‍ഷാപ്പിലെ മേശപ്പുറത്തിടുവാന്‍ പറ്റിയ ഇനം. മറിച്ചുനോക്കാന്‍ മാത്രം തലയിലെഴുത്തുള്ള ഒരു വിഭാഗം. മാതൃഭൂമി, മലയാളം, കലാകൗമുദി എന്നു തുടങ്ങി സ്വന്തംകാലില്‍ നില്‍ക്കാന്‍ ശേഷിയില്ലാത്തവയും പംക്‌തികളുടെ തോളില്‍ കയ്യിട്ടാണ് നിലയുറപ്പിച്ചിരിക്കുന്നത്. മാതൃഭൂമി ആഴ്‌ചപ്പതിപ്പ് നോക്കൂ. ആദ്യപുറം എഡിറ്റര്‍. തുടര്‍ന്ന് ഒന്നോ രണ്ടോ കവിതയും കഥയും ഉപചാര ലേഖനങ്ങളും കഴിഞ്ഞാല്‍ മൊത്തം പംക്‌തിമയം!
കെ.എസ്.ഇ.ബിയും യൂണിയന്‍കാരും
കെ.എസ്.ഇ.ബിയില്‍ സ്‌മാര്‍ട്ട് മീറ്റര്‍ നടപ്പാക്കിയാല്‍ മീറ്റര്‍ റീഡര്‍മാരെ ഒഴിവാക്കാം. കോടികള്‍ ലാഭിക്കാം. പക്ഷേ യൂണിയനുകള്‍ സമ്മതിക്കില്ല. മീറ്റര്‍ റീഡര്‍മാരുടെ ഒരുമാസത്തെ ശമ്പളം (30 കോടി) യൂണിയന്‍കാരുടെ പോക്കറ്റിലേക്കാണ് പോകുന്നത്. കൊടുത്തില്ലെങ്കില്‍ പണിയില്ല. പിന്നെങ്ങിനെ കെ.എസ്.ഇ.ബി നന്നാവും!
(ഡോ. ബി. അശോക്. മുന്‍ കെ.എസ്.ഇ.ബി. ചെയര്‍മാന്‍).



