
കോട്ടയം: കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന കെ.എം. മാണിയുടെ പൈതൃകം പേറുന്ന കേരളാ കോണ്‍ഗ്രസ് (എം) ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കോട്ടയം വയസ്കരക്കുന്നിലെ കേരള കോൺഗ്രസ് ആസ്ഥാനമന്ദിരത്തിൽ ശനിയാഴ്ച ഒട്ടും തിരക്കില്ലായിരുന്നു. ചെയർമാൻ ജോസ് കെ. മാണി അവിടെയുണ്ടെന്നറിഞ്ഞാൽ നൂറുപേരെങ്കിലും എത്താറുള്ളതാണ്. എന്നാൽ, ഒാഫീസ് ജീവനക്കാരും നേതാക്കളുടെ പേഴ്സണൽ സ്റ്റാഫും വിരലിലെണ്ണാവുന്ന പ്രവര്‍ത്തകരും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 12 സീറ്റുകളിലും പരാജയപ്പെട്ടതോടെ, പാര്‍ലമെന്ററി രംഗത്ത് പാര്‍ട്ടിയുടെ സാന്നിധ്യം രാജ്യസഭയില്‍ ജോസ് കെ. മാണിയില്‍ മാത്രമായി ഒതുങ്ങി. നിയമസഭയിലും ലോക്സഭയിലും പ്രാതിനിധ്യമില്ലാത്ത അവസ്ഥ പാര്‍ട്ടിക്ക് അനുവദിച്ചുകിട്ടിയ സംസ്ഥാന പാര്‍ട്ടി പദവി പോലും നഷ്ടമാകുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. 12 സീറ്റിലും പരാജയപ്പെട്ടതിന്റെ ആഘാതത്തിലായിരുന്നു നേതാക്കള്‍. പാലായില്‍ ജോസ് കെ. മാണിയും ഇടുക്കിയില്‍ റോഷി അഗസ്റ്റിനും കാഞ്ഞിരപ്പള്ളിയില്‍ എന്‍. ജയരാജും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പരാജയപ്പെട്ടത് പാര്‍ട്ടിയുടെ വോട്ട് ബാങ്ക് ചോര്‍ന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ്.
കോട്ടയത്തെ ആദ്യ ആസ്ഥാനമന്ദിരം പിളർപ്പുകൾക്കൊടുവിൽ നഷ്ടമായപ്പോഴാണ് കെ.എം. മാണി വയസ്കര ഹരിപ്പാട് മഠം ഓഫീസിനായി തിരഞ്ഞെടുത്തത്. 2019-ൽ പി.ജെ. ജോസഫും ജോസ് കെ. മാണിയും പാർട്ടി പിളർത്തി രണ്ടായപ്പോഴും ഈ മന്ദിരം ഒപ്പമാക്കാൻ ജോസ് പക്ഷത്തിനായി. 2020 ജൂൺ 29-ന് ജോസ് വിഭാഗത്തെ യു.ഡി.എഫിൽനിന്ന് പുറത്താക്കിയപ്പോൾ അവരുടെ നേതാക്കൾ ഇവിടെയെത്തി നടത്തിയ വൈകാരികപ്രതികരണങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇടതുമുന്നണിക്കൊപ്പം ചേർന്ന് 2020-ലെ തദ്ദേശതിരഞ്ഞെടുപ്പും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പും ജയിച്ചുകയറിയപ്പോൾ വയസ്കരയോളം ഉയരത്തിലായിരുന്നു ഇവിടെ ആഹ്ലാദം. അഞ്ചുവർഷത്തിനിപ്പുറം കനത്ത രാഷ്ട്രീയപ്രതിസന്ധി എങ്ങനെ നേരിടാം എന്ന തലവേദനയിലും. നിയമസഭയിലും പാർലമെന്റിലും പ്രാതിനിധ്യമില്ലാതെ സംസ്ഥാനപാർട്ടിപദവിപോലും തുലാസിലാണിപ്പോൾ. ജില്ലയിൽ സി.പി.എമ്മും സി.പി.ഐ.യും എല്ലാം നഷ്ടപ്പെട്ട് സമാനദുഃഖത്തിൽ നിൽക്കുന്നതിനാൽ, മുന്നണിക്കുള്ളിൽ ഒറ്റപ്പെടില്ലെന്ന ആശ്വാസമാണ് പല നേതാക്കളും സ്വകാര്യമായി പങ്കിട്ടത്.






