
ചെന്നൈ: സർക്കാർ രൂപീകരണത്തിനായി മൂന്ന് തവണ ലോക്ഭവനിൽ എത്തിയ വിജയ്ക്ക് നിരാശനായി മടങ്ങേണ്ടിവന്നിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം സഖ്യകക്ഷി നേതാക്കളുമായി ലോക്ഭവനിൽ എത്തിയ ടിവികെ തലവന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.
ഗവർണറുടെ വസതിക്കുള്ളിൽ സഖ്യകക്ഷികളുടെ ചർച്ചകൾക്കൊപ്പം തന്നെ ലഘുഭക്ഷണങ്ങളും വിതരണം ചെയ്തിരുന്നു. ലഭ്യമായ വിവരങ്ങൾ പ്രകാരം, വിജയ്ക്കും തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ. സെൽവപ്പെരുന്തഗൈ ഉൾപ്പെടെയുള്ള സഖ്യകക്ഷി നേതാക്കൾക്കും വട, ഹൽവ, കാപ്പി എന്നിവയാണ് വിളമ്പിയത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിന്നിരുന്നെങ്കിലും, രാജ്ഭവനുള്ളിലെ അന്തരീക്ഷം വളരെ സൗഹാർദ്ദപരമായിരുന്നുവെന്നാണ് സൂചനകൾ.
ദിവസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും തമിഴ്നാട് ഗവർണർ ആർ.വി. അർലേക്കറുമായുള്ള ആവർത്തിച്ചുള്ള കൂടിക്കാഴ്ചകൾക്കും ശേഷം, 120 എം.എൽ.എമാരുടെ പിന്തുണ കത്തുമായി ശനിയാഴ്ച രാജ്ഭവനിലെത്തിയ ടിവികെ അധ്യക്ഷൻ വിജയ്, സർക്കാർ രൂപീകരിക്കാനുള്ള ഔദ്യോഗിക ക്ഷണവുമായാണ് പുറത്തുവന്നത്.
ഔദ്യോഗിക ചർച്ചകൾ കഴിഞ്ഞും ഏകദേശം ഒരു മണിക്കൂറോളം വിജയ് രാജ്ഭവനിൽ ചെലവഴിച്ചു. ഗവർണറുടെ പക്കൽ നിന്നും മുഖ്യമന്ത്രിയായി നിയമിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് നേരിട്ട് കൈപ്പറ്റാനാണ് അദ്ദേഹം കാത്തുനിന്നത്. ചില സഖ്യകക്ഷി നേതാക്കൾ തങ്ങളുടെ കുടുംബാംഗങ്ങളെ വീഡിയോ കോൾ ചെയ്യുകയും വിജയ്യോട് കുട്ടികളുമായി സംസാരിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു.
രണ്ട് വർഷം മുമ്പ് മാത്രം രൂപീകരിക്കപ്പെട്ട തമിഴക വെട്രി കഴകം സംസ്ഥാന ഭരണത്തിലേക്ക് എത്തുന്നു എന്നത് തമിഴ് രാഷ്ട്രീയത്തിലെ നിർണ്ണായകമായ ഒരു ചരിത്ര നിമിഷമാണ്.
കഴിഞ്ഞ നാല് ദിവസത്തിനിടെ ഗവർണറുമായി വിജയ് നടത്തുന്ന നാലാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. വെള്ളിയാഴ്ച നടന്ന കൂടിക്കാഴ്ചയിൽ സർക്കാർ രൂപീകരിക്കാൻ അദ്ദേഹം അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും, ആവശ്യമായ 118 എം.എൽ.എമാരുടെ പിന്തുണ തെളിയിക്കാൻ കഴിയാത്തതിനാൽ ഗവർണർ ക്ഷണം നൽകിയിരുന്നില്ല. ഇതിനുമുമ്പ് ബുധൻ, വ്യാഴം ദിവസങ്ങളിലും അദ്ദേഹം ഗവർണറെ കണ്ടിരുന്നു. എന്നാൽ ഇത്തവണ സർക്കാർ രൂപീകരണ പ്രക്രിയ അന്തിമമായതോടെ സന്തോഷകരമായ നിമിഷങ്ങൾക്കും രാജ്ഭവൻ സാക്ഷ്യം വഹിച്ചു.






