
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ, സൗജന്യ വൈദ്യുതി, ലഹരിക്കെതിരെയുള്ള നടപടി, സ്ത്രീ സുരക്ഷ എന്നിവയുൾപ്പെടെയുള്ള നിർണ്ണായക ഉത്തരവുകളിൽ മുഖ്യമന്ത്രി വിജയ് ഒപ്പുവെച്ചു.
വിജയ് ഒപ്പിട്ട ആദ്യ ഉത്തരവിലെ പ്രധാന കാര്യങ്ങൾ ഇനി പറയുന്നു; 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നൽകും. ലഹരി വിപത്തിനെ നേരിടാൻ പ്രത്യേക ദൗത്യസേന രൂപീകരിക്കും. സ്ത്രീകൾക്കായി പ്രത്യേക സുരക്ഷാ സേനയും ഹെൽപ്പ് ലൈനും സജ്ജമാക്കും. വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം എന്നിവയിൽ പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിക്കും. കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ക്ഷേമം ഉറപ്പാക്കും.
തന്റെ ആരാധകരെ അഭിസംബോധന ചെയ്യാൻ സാധാരണയായി ഉപയോഗിക്കാറുള്ള 'എൻ നെഞ്ചിൽ കുടിയിരിക്കും' (എന്റെ ഹൃദയത്തിൽ വസിക്കുന്നവർ) എന്ന തമിഴ് വാചകത്തോടെയാണ് വിജയ് തന്റെ വൈകാരികമായ ആമുഖ പ്രസംഗം ആരംഭിച്ചത്. ഒരു അസിസ്റ്റന്റ് ഡയറക്ടറുടെ മകൻ ഇപ്പോൾ മുഖ്യമന്ത്രിയായിരിക്കുന്നു. എനിക്ക് ദാരിദ്ര്യവും വിശപ്പും അറിയാം. ഞാൻ ഒരു രാജകുടുംബത്തിൽ നിന്നല്ല വന്നത്. ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചു, പലരും എന്നെ അപമാനിച്ചു. ഞാൻ നിങ്ങളുടെ മകനെപ്പോലെയാണ്, നിങ്ങളുടെ സഹോദരനെപ്പോലെയാണ്. നിങ്ങൾ എനിക്ക് നിങ്ങളുടെ ഹൃദയത്തിൽ ഇടം നൽകി, എന്നെ സ്വീകരിച്ചു. താൻ കള്ളവാഗ്ദാനങ്ങൾ നൽകില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.
ഡിഎംകെ സർക്കാർ സംസ്ഥാന ഖജനാവ് ശൂന്യമാക്കിയെന്നും ഏകദേശം 10 ലക്ഷം കോടി രൂപയുടെ കടബാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ പണത്തിൽ നിന്ന് ഒരൊറ്റ പൈസ പോലും എടുക്കില്ലെന്നും ആരെയും സംസ്ഥാനം കൊള്ളയടിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യഥാർത്ഥ മതേതര, സാമൂഹ്യനീതിയുടെ പുതിയ യുഗം വാഗ്ദാനം ചെയ്ത വിജയ്, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, പ്രവീൺ ചക്രവർത്തി, ഇടതുപക്ഷ നേതാവ് എം.എ. ബേബി എന്നിവർക്ക് നന്ദി പറഞ്ഞു.






