
ലക്നൗ: ഉത്തർപ്രദേശിലെ അമ്രോഹയിലുള്ള നസീർപൂർ ഗ്രാമത്തിൽ ലഹരിക്ക് അടിമയായ യുവാവിനെ സ്വന്തം കുടുംബാംഗങ്ങൾ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി. മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്ന 32-കാരനായ ദുഷ്യന്ത് കുമാറാണ് കൊല്ലപ്പെട്ടത്. തന്റെ 60 വയസ്സായ മാതാപിതാക്കളെ ദുഷ്യന്ത് നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്നു. മകന്റെ ഉപദ്രവം സഹിക്കവയ്യാതെ വന്നതോടെ മാതാപിതാക്കളായ പീതം സിംഗും മായാദേവിയും സഹോദരൻ സങ്കിതും ചേർന്ന് ഇയാളെ വകവരുത്താൻ തീരുമാനിക്കുകയായിരുന്നു.
ഈ പദ്ധതി നടപ്പിലാക്കാൻ ജോഗേന്ദ്ര എന്ന പ്രാദേശിക കുറ്റവാളിയെ അഞ്ച് ലക്ഷം രൂപയ്ക്കാണ് ഇവർ കരാർ ഏൽപ്പിച്ചത്. ക്വട്ടേഷൻ സംഘത്തിന് മുൻകൂർ പണം നൽകാനായി അമ്മ മായാദേവി തന്റെ സ്വർണ്ണാഭരണങ്ങൾ 55,000 രൂപയ്ക്ക് വിൽക്കുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി, സഹോദരൻ സങ്കിതും ജോഗേന്ദ്രയും മറ്റ് ചില കൂട്ടാളികളും ചേർന്ന് ദുഷ്യന്തിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വനപ്രദേശത്തെ വരണ്ട കനാലിൽ മൃതദേഹം ഉപേക്ഷിച്ചു. ശനിയാഴ്ച രാവിലെയാണ് മൃതദേഹം പോലീസ് കണ്ടെടുത്തത്.
ദുഷ്യന്തിന്റെ മരണത്തിൽ ദുരൂഹത തോന്നിയ പോലീസ് സഹോദരൻ സങ്കിതിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന ഗൂഢാലോചന പുറത്തുവന്നത്. സംഭവത്തിൽ പിതാവ് പീതം സിംഗിനെയും സങ്കിതിനെയും പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു. എന്നാൽ അമ്മ മായാദേവിയും ക്വട്ടേഷൻ സംഘത്തലവൻ ജോഗേന്ദ്രയും നിലവിൽ ഒളിവിലാണ്. ഇവർക്കായി പോലീസ് വ്യാപകമായ തിരച്ചിൽ നടത്തിവരികയാണ്. ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 103(1) പ്രകാരം കൊലപാതക കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.






