
കൊച്ചി: ഇടതുചേരിയില്‍നിന്ന് അടര്ന്നവരെ ഒപ്പംകൂട്ടി പാര്‍ട്ടി വിപുലീകരിക്കാന്‍ യു.ഡി.എഫിന്റെ ഭാഗമായ സി.എം.പി. സി.പി. ജോണ്‍ വിഭാഗം. സി.പി.എം. ശക്തികേന്ദ്രങ്ങളില്‍നിന്ന് ഇത്തവണ വിമതരായി മത്സരിച്ചു ജയിച്ചവര്‍ ഉള്‍പ്പെടെയുള്ള പഴയ മാര്‍ക്സിസ്റ്റ് സഖാക്കളെ ഒപ്പം ചേര്‍ക്കാന്‍ നീക്കം.
നിയമസഭാ തെരഞ്ഞെടുപ്പു തോല്‍വിക്കുപിന്നാലെ 14 ജില്ലകളിലും സി.പി.എമ്മില്‍നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നതിനിടെയാണു സി.പി. ജോണ്വിഭാഗത്തിന്റെ തന്ത്രപരമായ സമീപനം. സി.പി.എം. വിമതനായി പയ്യന്നൂരില്‍ ജയിച്ച വി. ഉണ്ണിക്കൃഷ്ണന്, തളിപ്പറമ്പിലെ നിയുക്ത എം.എല്‍.എ: ടി.കെ. ഗോവിന്ദന് എന്നിവരുമായി ജോണിന്റെ പ്രതിനിധികള്‍ ബന്ധപ്പെട്ടു കഴിഞ്ഞു. പാലക്കാട് നിന്നടക്കം ഇടതുപക്ഷം വിടുന്നവര്‍ കെ.കെ. രമയുടെ ആര്.എം.പിയിലേക്കും ആകൃഷ്ടരാകുന്നുണ്ട്.
ഇത്തരം നീക്കങ്ങള്‍ യു.ഡി.എഫിനെ ശക്തിപ്പെടുത്തുമെന്നാണു നേതാക്കളുടെ വിലയിരുത്തല്‍. 1986-ല്‍ മുസ്ലിം ലീഗുമായി സഖ്യമുണ്ടാക്കുന്നതു സംബന്ധിച്ച അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് സി.പി.എമ്മില്‍നിന്നു പുറത്താക്കപ്പെട്ട എം.വി. രാഘവന് സ്ഥാപിച്ച സി.എം.പി. ഇപ്പോള്‍ ദുര്‍ബലമായ അവസ്ഥയിലാണ്. സ്ഥാപക നേതാവായ സി.പി. ജോണ്‍ നിലവില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാണ്.
എം.വി. രാഘവന്റെ കാലശേഷം പാര്‍ട്ടി യു.ഡി.എഫില്‍ ഉറച്ചുനില്‍ക്കുകയും 2024-ല്‍ കൊച്ചിയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടത്തുകയും ചെയ്തിരുന്നു. രാഘവന്റെ മകന് എം.വി. നികേഷ് കുമാര്‍ ഉള്‍പ്പെടെ പാര്‍ട്ടി വിട്ട് ഇപ്പോള്‍ സി.പി.എം. പാളയത്തിലാണ്. നേരത്തെ, സി.എം.പിയില്‍ പിളര്‍പ്പുണ്ടായപ്പോള്‍ കെ.ആര്. അരവിന്ദാക്ഷന് വിഭാഗം സി.പി.എമ്മില്‍ ലയിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സെന്‍ട്രലില്‍നിന്നു വിജയിച്ച സി.പി. ജോണിനു യു.ഡി.എഫ്. മന്ത്രിസഭയില്‍ അംഗത്വം ലഭിച്ചേക്കുമെന്നാണു വിലയിരുത്തല്‍. അതു യാഥാര്‍ഥ്യമാകുന്നപക്ഷം അദ്ദേഹം സഹകരണവകുപ്പ് തേടാനാണു സാധ്യത. കൈത്തറി സഹകരണ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന തളിപ്പറമ്പിലെ ടി.കെ. ഗോവിന്ദനേയും സഹകരണ ബാങ്ക് തൊഴിലാളി മേഖലയില്‍നിന്നുള്ള പയ്യന്നൂരിലെ ഉണ്ണിക്കൃഷ്ണനെയും കൂടെ ചേര്‍ക്കുമ്പോള്‍ സി.പി. ജോണിന് ലക്ഷ്യങ്ങള്‍ പലതാണ്.
രാജു പോള്‍






