മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി ഒരാഴ്ച കഴിഞ്ഞിട്ടും മുഖ്യമന്ത്രിയാരെന്ന തീരുമാനം വൈകുന്നതില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുള്‍ ഹമീദ്. ന്യൂഡല്‍ഹിയില്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ 50 ദിവസമെടുത്തില്ലേ എന്നൊക്കെ അണികളോട് പറഞ്ഞാല്‍ മുഖത്ത് അടികിട്ടും.
യു.ഡി.എഫ്. വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചിട്ടും ആഹ്ലാദ പ്രകടനം പോലും നടത്താനാവുന്നില്ല. തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരോട് പരിപാടിക്ക് വരേണ്ടെന്ന് പറയേണ്ട അവസ്ഥയുണ്ട്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഇടപെടേണ്ട പല കാര്യങ്ങളുമുണ്ട്. ഇതിനാണോ വോട്ട് ചെയ്തതെന്ന് ആളുകള്‍ ചോദിക്കുന്നു. അണികള്‍ക്കൊപ്പം നേതൃത്വം ഉയരണം. ആര് മുഖ്യമന്ത്രിയാകണമെന്ന കാര്യത്തില്‍ ലീഗിന്റെ അഭിപ്രായം കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ട്. ലീഗിന്റെ അഭിപ്രായം എല്ലാകാലത്തും കോണ്‍ഗ്രസ് മാനിക്കാറുണ്ട്.- അബ്ദുല്‍ഹമീദ് പറഞ്ഞു.






