തിരുവനന്തപുരം: അടുത്ത മാസം 15 മുതല്‍ കെ.എസ്.ആര്.ടി.സി. ബസുകളില്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്ര പ്രഖ്യാപിച്ചു വി.ഡി. സതീശന് സര്‍ക്കാര്‍. രാജ്യത്ത് ആദ്യമായി വയോജനങ്ങള്‍ക്കു മാത്രമായി പ്രത്യേക സര്‍ക്കാര്‍ വകുപ്പ് രൂപീകരിക്കാനും ഇന്നലെ ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.
ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 3,000 രൂപ കൂട്ടും. ഇവരുടെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. അംഗന്‍വാടി ജീവനക്കാരുടെയും പ്രിൈ്രപമറിആയമാരുടെ ഓണറേറിയം ആയിരം രൂപ കൂട്ടി. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കും. പ്രഥമ മന്ത്രിസഭാ യോഗത്തില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുമായാണു വി.ഡി.എസ്. സര്‍ക്കാര്‍ വിസ്മയമായത്. തെരഞ്ഞെടുപ്പ് വേളയില്‍ യു.ഡി.എഫ്. മുന്നോട്ടുവച്ച 'ഇന്ദിരാ ഗ്യാരന്റി'യിലെ അഞ്ചു പ്രധാന വാഗ്ദാനങ്ങളില്‍ രണ്ടെണ്ണത്തിനാണ് അംഗീകാരം നല്‍കിയിയത്. ബാക്കി മൂന്നു പ്രഖ്യാപനങ്ങളും വരും ദിവസങ്ങളില്‍ നടപ്പാക്കുമെന്നാണു സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന.
കര്‍ണാടകയ്ക്കും തമിഴ്നാടിനും പിന്നാലെയാണു കേരളവും സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസുകളില്‍ സ്ത്രീകള്‍ക്കു സൗജന്യയാത്ര നടപ്പാക്കുന്നത്. ഇതിനായുള്ള പ്രാഥമിക ഒരുക്കങ്ങളും മറ്റും 15നകം പൂര്‍ത്തിയാക്കാന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്കി. 3,000 രൂപ കൂട്ടിയതോടെ ആശ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 12,000 രൂപയായി. എല്‍.ഡി.എഫ്. സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അവസാനം 1,000 രൂപ കൂട്ടി 9,000 രൂപയാക്കിയിരുന്നു.
വയോജനങ്ങള്‍ക്കായി പുതിയ വകുപ്പ് കേരളത്തില്‍ നിലവില്‍ വരും. ജപ്പാന് സര്‍ക്കാരിന്റെ വയോജന നയ മാതൃക പിന്‍പറ്റിക്കൊണ്ട് ശാസ്ര്തീയവും ദീര്‍ഘവീക്ഷണമുള്ളതുമായ ഒരു പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി ആഗോളതലത്തിലെ മികച്ച മാതൃകകളെക്കുറിച്ച് വിശദമായ പഠനം നടത്താന്‍ പ്രത്യേക സമിതിയെയും മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. ഭരണമാറ്റത്തിന്റെ ആവേശം അണികളിലും ജനങ്ങളിലും നിലനിര്‍ത്തുന്നതിനൊപ്പം,സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ജനക്ഷേമനയങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന സന്ദേശമാണു സര്‍ക്കാര്‍ നല്‍കുന്നത്.
സഭാ സമ്മേളനം 21, 22 തിയതികളില്‍
നിയമസഭാ സമ്മേളനം 21, 22 തിയതികളില്‍ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണര്‍ക്കു ശിപാര്‍ശ നല്‍കും. 29ന് സര്‍ക്കാരിന്റെ നയപ്രഖ്യാപനവും നടത്തും. ജി സുധാകരനാകും പ്രോട്ടം സ്പീക്കര്‍. അഡ്വ: ജാജു ബാബുവാണ് പുതിയ അഡ്വക്കേറ്റ് ജനറല്‍. ടി അസിഫലി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാകും.
ജി. അരുണ്‍






