തിരുവനന്തപുരം: പുതിയ യു.ഡി.എഫ്. സര്‍ക്കാരില്‍ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂര്‍ത്തിയാകുമ്പോള്‍ മുഖ്യമന്ത്രി വി.ഡി. സതീശന് സര്‍വാധികാരി. സെക്രട്ടേറിയറ്റ് ഭരണസംവിധാനത്തിന്റെ നെടുംതൂണുകളായ പൊതുഭരണം, ധനകാര്യം, നിയമം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സര്‍വാധികാരങ്ങളുടെയും കേന്ദ്രബിന്ദു.
പോലീസ് ഉള്‍പ്പെടുന്ന ആഭ്യന്തര വകുപ്പ് കൈവശം വച്ചാണ് ശക്തരായ മുഖ്യമന്ത്രിമാര്‍ അധികാരം കാത്തുസൂക്ഷിക്കാറുള്ളത്. ഇത്തവണ ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിയുടെ പക്കലല്ലെങ്കിലും ഭരണപരമായ ഒരധികാരവും സതീശനു നഷ്ടമാകുന്നില്ല. ഇതാദ്യമായി പൊതുഭരണ-സാമ്പത്തിക-നിയമ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നതിന്റെ പിന്‍ബലത്തില്‍ മുഖ്യമന്ത്രി കൂടുതല്‍ ശക്തനാകും. ഇതിനുപുറമേ ജനജീവിതവുമായി ബന്ധപ്പെട്ട മറ്റു പല വകുപ്പുകളുടെയും ചുമതല മുഖ്യമന്ത്രിക്കാണ്. വകുപ്പു വിന്യാസത്തിലെ ഈ അപൂര്‍വതയിലൂടെ അതിശക്തമായ അധികാരഘടനയ്ക്കാണു പുതിയ യു.ഡി.എഫ്. സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്.
ഭരണഘടനയും ചട്ടങ്ങളും അനുസരിച്ച് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് പ്രധാനമായും മൂന്നു തലങ്ങളിലാണ്. പൊതുഭരണ (ജി.എ.ഡി), ധനകാര്യ (ഫിനാന്‍സ്), നിയമകാര്യ സെക്രട്ടേറിയറ്റുകളാണ് അവ. ഇതര വകുപ്പുകളുടെ ഫയലുകള്‍ പോലും അന്തിമ തീരുമാനത്തിനായി ഈ മൂന്നു തലങ്ങള്‍ താണ്ടണം. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് മൂന്നു തട്ടുകളും. മറ്റു മന്ത്രിമാരുടെ വകുപ്പുകള്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഫയലുകളുടെ വേഗം നിശ്ചയിക്കാനും ഇതിലൂടെ മുഖ്യമന്ത്രി സതീശനു സാധിക്കും.
വകുപ്പു മന്ത്രിമാര്‍ക്കു നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനും പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനും ധന, നിയമ വകുപ്പുകളുടെ പച്ചക്കൊടി നിര്‍ബന്ധമാണ്. ഈ രണ്ടു മന്ത്രാലയങ്ങളും മുഖ്യമന്ത്രിയുടെ പക്കലായതിനാല്‍ സതീശന് അറിയാതെ ഇതര വകുപ്പുകളില്‍ യാതൊരു ചലനവും ഉണ്ടാകില്ല.
മുഖ്യമന്ത്രിയും ധനമന്ത്രിയും വ്യത്യസ്ത ധ്രുവങ്ങളിലോ ഇതര കക്ഷികളിലെയോ നേതാക്കളായിരിക്കെ ഫയലുകള്‍ വച്ചുതാമസിപ്പിക്കുന്നെന്ന മുന്‍കാലങ്ങളിലെ പരാതി ഇത്തവണയുണ്ടാകില്ല. ഏതു പദ്ധതിക്കു പണം അനുവദിക്കണം, ഏതു ഫയല്‍ വേഗത്തില്‍ തീര്‍പ്പാക്കണം എന്നു തീരുമാനിക്കാനുള്ള പരമാധികാരം മുഖ്യമന്ത്രിയിലേക്കു ചുരുങ്ങും. ഇതു ഭരണത്തിനു വേഗം കൂട്ടാന്‍ സഹായിക്കും.
നിയമവകുപ്പിന്റെ ചുമതലക്കാരനായതിനാല്‍ ഓര്‍ഡിനന്‍സുകളും ചട്ട ഭേദഗതികളും കോടതി വ്യവഹാരങ്ങളും മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തിലാകും. വിവിധ വകുപ്പുകളില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ നിയമപരമായി നിലനില്‍ക്കുമോ ഇല്ലയോ എന്നു നിശ്ചയിക്കുന്ന അന്തിമ അധികാരി മുഖ്യമന്ത്രിയാകും.
ഫലത്തില്‍ ഭരണയന്ത്രത്തിന്റെ ചലനങ്ങളെ സാമ്പത്തികമായും നിയമപരമായും നിയന്ത്രിക്കാന്‍ ശേഷിയുള്ള കടിഞ്ഞാണാണ് മുഖ്യമന്ത്രിയുടെ കൈവശമുള്ളത്.
എസ്. നാരായണന്






