തിരുവനന്തപുരം: ജനസാഗരത്തെ സാക്ഷിയാക്കി കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി വടശേരി ദാമോദര മേനോന് സതീശന് എന്ന വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പ്രത്യേക വേദിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.മുഖ്യമന്ത്രി ഉള്‍പ്പെടെ 21 മന്ത്രിമാരാണ് ചുമതലയേറ്റത്. പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരന്, മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, സി.പി. ജോണ്‍, എ.പി. അനില്‍കുമാര്‍, എന്‍. ഷംസുദ്ദീന്, പി. സി. വിഷ്ണുനാഥ്, റോജി എം. ജോണ്‍, ബിന്ദു കൃഷ്ണ, എം. ലിജു, കെ. എം. ഷാജി, പി. കെ. ബഷീര്‍, വി. ഇ. അബ്ദുള്‍ ഗഫൂര്‍, ടി.സിദ്ദിഖ്, കെ. എ. തുളസി, ഒ. ജെ. ജനീഷ് എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എം.പിമാരായ പ്രിയങ്ക ഗാന്ധി, കെ. സി. വേണുഗോപാല്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര് സിങ് സുഖു, നിയുക്ത പ്രതിപക്ഷനേതാവ് പിണറായി വിജയന്, മുന്‍ കേന്ദ്രമന്ത്രി അംബികാ സോണി, നിയുക്ത സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, നിയുക്ത ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്, ചീഫ് സെക്രട്ടറി എ. ജയതിലക്, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍, ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍, നയതന്ത്ര പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജനങ്ങള്‍ തലസ്ഥാനത്തേക്ക് ഒഴുകിയെത്തിയതോടെ തിരുവനന്തപുരം നഗരം പുലര്‍ച്ചെ തന്നെ സ്തംഭിച്ചു. സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്കുള്ള ജനങ്ങളുടെ ഒഴുക്കിനെ നിയന്ത്രിക്കാന്‍ പൊലീസ് ബുദ്ധിമുട്ടി. ഇന്നലെ രാവിലെ എട്ടു മണിയോടെ തന്നെ സ്റ്റേഡിയം നിറഞ്ഞു. സെന്‍ട്രല്‍ സ്റ്റേഡിയത്തിലും പരിസര പ്രദേശങ്ങളിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ദേശീയ നേതാക്കളും മറ്റു സംസ്ഥാനങ്ങളിലും നേതാക്കളും വേദിയില്‍ എത്തിയതോടെ യു.ഡി.എഫ്. പ്രവര്‍ത്തകരുടെ ആവേശം വാനംതൊട്ടു. ഓരോ മന്ത്രിയുടെയും സത്യപ്രതിജ്ഞ ആഹ്ളാദാരവങ്ങളോടെയാണ് ജനങ്ങള്‍ എതിരേറ്റത്.
വീണ്ടും മേയ് 18
തുടര്‍ച്ചയായി മൂന്നു സര്‍ക്കാരുകള്‍ അധികാരമേറ്റത് മേയ് 18 ന്. 2006 മേയ് പതിനെട്ടിന് വി.എസ്. അച്യുതാനന്ദന് സര്‍ക്കാരും അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം 2011 മേയ് പതിനെട്ടിന് ഉമ്മന്‍ ചാണ്ടി സര്‍ക്കാരും അധികാരമേറ്റു. ഒന്നര പതിറ്റാണ്ടിന് ശേഷം 2026 മേയ് പതിനെട്ടിന് വി.ഡി. സതീശന് സര്‍ക്കാരും. യു.ഡി.എഫിന്റെ ചരിത്രത്തിലാദ്യമായി മുഴുവന്‍ മന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്തെന്ന സവിശേഷതയും ഇന്നലത്തെ ചടങ്ങിനുണ്ടായിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെ പുതിയ മന്ത്രിസഭയിലെ 19 പേരും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍, ഷിബു ബേബി ജോണും സി.പി. ജോണും സഗൗരവം പ്രതിജ്ഞ ചെയ്താണ് അധികാരമേറ്റത്. പാന്റ്സ് ധരിച്ച് സത്യവാചകം ചൊല്ലിയ റോജി എം. ജോണും വേറിട്ട കാഴ്ചയായി.
ജി. അരുണ്‍






