കൊച്ചി: വടക്കേക്കര സ്വദേശിനിയായ വീട്ടമ്മയുടെ അവയവദാനവുമായി ബന്ധപ്പെട്ടു ചുരുളഴിയുന്നതു വന്‍ റാക്കറ്റിന്റെ ഇടപെടുകള്‍. മലപ്പുറം സ്വദേശിക്കു വീട്ടമ്മ അവയവം കൈമാറിയതു രേഖകള്‍ മുഴുവന്‍ ലഭിക്കുന്നതിനു മുമ്പാണെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. അവയവമാറ്റം നടത്തിയ കൊച്ചിയിടെ സ്വകാര്യ ആശുപത്രി ഈ സ്ത്രീക്കു ഡോണര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു. സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണോ എന്നു പരിശോധിക്കാതെയാണു സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നാണു സൂചന. സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവപ്പെട്ടിരുന്ന വടക്കേക്കര സ്വദേശിനിയും ഭര്‍ത്താവുമാണു വൃക്ക നല്കാന് തയാറായത്. ഭര്‍ത്താവിനു നിയമപരമായ അനുമതി ലഭിച്ചെങ്കിലും ഭാര്യക്കു ലഭിച്ചില്ല. മുഖ്യപ്രതി കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് നജീബും സംഘവും സ്വാധീനിക്കുകയും വലിയൊരു തുക വാഗ്ദാനം ചെയ്തു വൃക്ക ദാനം ചെയ്യാന്‍ പ്രേരിപ്പിക്കുകയുമായിരുന്നു.
ജില്ലാ, സംസ്ഥാന ഓതറൈസേഷന്‍ സമിതികള്‍ വൃക്കദാനത്തിന് അനുമതി നല്‍കിയില്ല. അടുത്ത ബന്ധുവല്ലെന്നും സാമ്പത്തിക ഇടപാട് ഉള്‍പ്പെട്ടിട്ടുണ്ടെന്നു വ്യക്തമാക്കിയുമാണ് ഈ തീരുമാനം. ഇതിനെതിരേ വീട്ടമ്മ ഹൈക്കോടതിയെ സമീപിച്ചു. അപേക്ഷ വീണ്ടും പരിഗണിക്കാന്‍ കോടതി നിര്‍ദേശിച്ചു. എന്നാല്‍ അപ്പീല്‍ സമിതി അവയവദാനത്തിന് അനുമതി നല്‍കിയില്ല. പക്ഷേ, മാസങ്ങള്‍ക്കുശേഷം ഈ സ്ത്രീയുടെ വൃക്ക മലപ്പുറം സ്വദേശിക്കു നല്‍കിയതായി പോലീസ് അറിഞ്ഞു. എല്ലാം വ്യാജരേഖകളുടെ അടിസ്ഥാനത്തിലാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
9.5 ലക്ഷം രൂപയായിരുന്നു വൃക്ക നല്‍കിയതിനു വീട്ടമ്മയ്ക്കു നല്‍കിയത്. വൃക്ക സ്വീകരിച്ച മലപ്പുറം സ്വദേശിയില്‍നിന്ന് ഈടാക്കിയത് 20 ലക്ഷവും. നിയമാനുസൃതമല്ലാതെ വൃക്ക നല്കിയ വീട്ടമ്മയെയും കേസില്‍ പ്രതി ചേര്‍ക്കും. രേഖകള്‍ ശരിയാണെന്ന നിഗമനത്തിലാണു താന്‍ വൃക്ക സ്വീകരിച്ചതെന്നാണു മലപ്പുറം സ്വദേശിയുടെ മൊഴി.
അതേസമയം, അന്തര്‍സംസ്ഥാന അവയവക്കച്ചവട റാക്കറ്റിലെ മുഖ്യസൂത്രധാരന്‍ മുഹമ്മദ് നജീബ് കല്ലട്ര (53) ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ പിടിയിലായതോടെ പുറത്തുവരുന്നതു കേരളം മുഴുവന്‍ വ്യാപിച്ച അവയവക്കച്ചവട റാക്കറ്റിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ്. നജീബിന്റെ ഭാര്യ റഷീദ ഉള്‍പ്പെടെ ഒമ്പതോളം പേര് അവയവ കച്ചവട കേസില്‍ അറസ്റ്റിലായിട്ടുണ്ട്.
തിരുവനന്തപുരത്തെ ഒരു ആശുപത്രിയില്‍ നടന്ന അവയവദാനവുമായി ബന്ധപ്പെട്ടു സമര്‍പ്പിക്കപ്പെട്ട രേഖകളില്‍ തോന്നിയ സംശയമാണ് അവയവ മാഫിയയിലേക്ക് അന്വേഷണം എത്തിച്ചത്. അവയവദാനത്തിന് അനുമതി നല്കുന്ന ഓതറൈസേഷന്‍ സമിതിക്കു മുന്നിലെത്തിയ രേഖകളിലെ സീലുകളിലും ഒപ്പുകളിലും ചില പൊരുത്തക്കേടുകള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്നു നടത്തിയ പ്രാഥമിക പരിശോധനയില്‍ വില്ലേജ് ഓഫിസറുടെയും തഹസില്‍ദാറുടെയും പേരില്‍ സമര്‍പ്പിക്കപ്പെട്ട സാക്ഷ്യപത്രങ്ങള്‍ വ്യാജമാണെന്നു തെളിഞ്ഞു. കൊല്ലം കിളികൊല്ലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണം എറണാകുളത്തെ ഏജന്റുമാരിലേക്കു നീളുകയായിരുന്നു.






