
തിരുവനന്തപുരം: ഓൺലൈൻ ബൈക്ക് ടാക്സികൾക്ക് പൂട്ടിടാൻ മോട്ടോര്‍ വാഹന വകുപ്പ് ഒരുങ്ങുന്നു. സ്വകാര്യ വാഹനങ്ങളിൽ യാത്രക്കാരെ കയറ്റുന്നത് നിയമവിരുദ്ധമാണ്. റാപിഡോ, ഊബര്‍ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന ഇരുചക്ര വാഹനങ്ങള്‍ ടാക്സി ബൈക്കിലേക്ക് മാറ്റണം. നിയമം ലംഘിച്ച് സർവീസ് നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് കമ്പനികളുമായി നടത്തിയ ചര്‍ച്ചയിൽ എംവിഡി വ്യക്തമാക്കി.
ഇരുചക്ര വാഹനങ്ങള്‍ ടാക്സി ബൈക്കിലേക്ക് മാറ്റുന്നതിന് ഇനി അധിക സമയം അനുവദിക്കില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. കുറഞ്ഞ നിരക്കില്‍ നഗരങ്ങളില്‍ യാത്ര ചെയ്യാന്‍ സഹായിക്കുന്ന സേവനമായിട്ടാണ് റാപിഡോ, ഊബര്‍ തുടങ്ങിയ കമ്പനികൾ ബൈക്ക് ടാക്സികള്‍ അവതരിപ്പിച്ചത്. വളരെ വേഗം ജനങ്ങൾ ബൈക്ക് ടാക്സി ഏറ്റെടുക്കുകയും ചെയ്തു.
എന്നാൽ ഇതിനെതിരെ ഓട്ടോ, ടാക്സി തൊഴിലാളി യൂണിയനുകൾ കടുത്ത പ്രതിഷേധവുമായി രംഗത്ത് എത്തി. സ്വകാര്യ വാഹനങ്ങൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് തൊഴിലാളി യൂണിയനുകൾ ഉന്നയിക്കുന്ന വാദം.






