
അഹമ്മദാബാദ്: സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ ഐ.പി.എല്‍. ക്രിക്കറ്റ് മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് തകര്‍ച്ച ഒഴിവാക്കി. നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് അഞ്ച് വിക്കറ്റിന് 168 റണ്ണെടുത്തു.
ടോസ് നേടിയ സണ്‍റൈസേഴ്സ് നായകന് പാറ്റ് കുമ്മിന്‍സ് ഗുജറാത്തിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. ഓപ്പണര്‍ സായ് സുദര്ശന് (44 പന്തില്‍ രണ്ട് സിക്സറും അഞ്ച് ഫോറുമടക്കം 61), വാഷിങ്ടണ്‍ സുന്ദര്‍ (33 പന്തില്‍ ഒരു സിക്സറും ഏഴ് ഫോറുമടക്കം 50) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണു ടീമിനെ 150 കടത്തിയത്. നായകന് ശുഭ്മന്‍ ഗില്‍ (ഏഴ് പന്തില്‍ അഞ്ച്), ജോസ് ബട്ട്ലര്‍ (11 പന്തില്‍ ഏഴ്) എന്നിവരുടെ മെല്ലെപ്പോക്ക് ടീമിനു പ്രതികൂലമായി.
നിഷാന്ത് സിന്ധു (14 പന്തില്‍ ഒരു സിക്സറും മൂന്ന് ഫോറുമടക്കം 22), ജാസണ്‍ ഹോള്‍ഡര്‍ (10 പന്തില്‍ പുറത്താകാതെ 11) എന്നിവരുടെ ബാറ്റിങും ടീമിനു തുണയായി. സായ് സുദര്ശന് 38 പന്തിലും വാഷിങ്ടണ്‍ സുന്ദര്‍ 32 പന്തിലും അര്‍ധ സെഞ്ചുറി കടന്നു. ഹൈദരാബാദിനായി പ്രഫുല്‍ ഹിംഗെയും സാകിബ് ഹുസൈനും രണ്ട് വിക്കറ്റ് വീതമെടുത്തു. പാറ്റ് കുമ്മിന്‍സ് ഒരു വിക്കറ്റെടുത്തു.





