
മാതൃദിനത്തില്‍ മകള്‍ മാള്‍ട്ടി മേരി നല്കിയ ഹൃദയസ്പര്‍ശിയായ സമ്മാനം കണ്ട് വികരാധീനയായി ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ കോര്‍ത്തിണക്കി നാല് വയസ്സുകാരിയായ മാള്‍ട്ടി തയാറാക്കിയ ഒരു കുറിപ്പാണ് പ്രിയങ്കയെ ഏറെ സന്തോഷിപ്പിച്ചത്.
‘അവള്‍ക്ക് എന്നെ അത്രത്തോളം നന്നായി അറിയാം ’എന്ന അടിക്കുറിപ്പോടെ പ്രിയങ്ക തന്നെയാണ് ഈ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ‘അമ്മയെക്കുറിച്ച് എല്ലാം ’എന്ന തലക്കെട്ട് നല്കിയ കുറിപ്പില്‍ പ്രിയങ്കയുടെ ഇഷ്ടപ്പെട്ട നിറം ചുവപ്പാണെന്നും , ഇഷ്ടപ്പെട്ട ഭക്ഷണം എരിവുളള വിഭവങ്ങളാണെന്നും മാള്‍ട്ടി കുറിച്ചു.
അമ്മയ്ക്ക് എന്നോടൊപ്പം പൂളിൽ കളിക്കാൻ ഇഷ്ടമാണെന്നും അമ്മ എപ്പോഴും 'ഐ ലവ് യു' എന്ന് പറയാറുണ്ടെന്നും മാള്‍ട്ടി കുറിപ്പിൽ ഓർമ്മിപ്പിക്കുന്നു. സ്നേഹത്തോടെ, മാള്‍ട്ടി മേരി. പ്രായം 4. ഹാപ്പി മദേഴ്സ് ഡേ എന്ന് പറഞ്ഞാണ് കുഞ്ഞു മാള്‍ട്ടി തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.
മാതൃദിനത്തില്‍ ഭര്‍ത്താവും ഗായകനുമായ നിക്ക് ജോനസും പ്രിയങ്കയ്ക്കായി മനോഹരമായ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. 2018-ല്‍ വിവാഹിതരായ ഇവര്‍ക്ക് 2022-ലാണ് വാടക ഗര്‍ഭധാരണത്തിലൂടെ മാള്‍ട്ടി ജനിക്കുന്നത്. ജനനശേഷം നൂറിലധികം ദിവസം ഐസിയുവില്‍ കഴിഞ്ഞ ശേഷമാണ് മാള്‍ട്ടി വീട്ടിലെത്തിയത്. തിരക്കുകള്‍ക്കിടയിലും മകള്‍ക്കൊപ്പമുള്ള ഇത്തരം കൊച്ചു സന്തോഷങ്ങള്‍ പ്രിയങ്ക പതിവായി ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.