
മകൾ സാറയുടെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് നടൻ രാജ് അർജുൻ. സാറയുടെ വരവ് തന്റെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചുവെന്നും, ശൂന്യമായിരുന്ന തന്റെ ലോകത്തേക്ക് അവൾ എങ്ങനെയാണ് വെളിച്ചം കൊണ്ടുവന്നതെന്നും രാജ് അർജുൻ കുറിപ്പിൽ ഓർമ്മിക്കുന്നു.
"സാറ, എന്റെ കൺമണി, ഇന്ന് നിന്റെ ജന്മദിനമാണ്. എപ്പോഴൊക്കെ നിന്റെ പേര് എഴുതാൻ ഇരിക്കാറുണ്ടോ, അപ്പോഴൊക്കെ അതൊരു കവിതയായി മാറാറുണ്ട്. ചില പേരുകൾ വെറുമൊരു പേര് മാത്രമല്ല, അതൊരു വികാരമാണ്, പ്രാർത്ഥനയാണ്, വലിയൊരു ആകാശമാണ്.
നീ വരുന്നതിന് മുൻപ് ജീവിതം മുന്നോട്ട് പോയിരുന്നു. പകലുകൾ കടന്നുപോയിരുന്നു, രാത്രികൾ വെളുത്തിരുന്നു. എല്ലാം ഉണ്ടായിരുന്നു. പക്ഷേ ഒരു വീട്ടിൽ വിളക്ക് കത്തുന്നുണ്ടെങ്കിലും, അതിന്റെ വെളിച്ചം അവിടെ തങ്ങിനിൽക്കാത്തതുപോലെയായിരുന്നു അത്. പിന്നീട് നീ വന്നു, എന്റെ ജീവിതത്തിലെ ചിതറിപ്പോയ നിമിഷങ്ങളിലേക്ക് വെളിച്ചം കടന്നുവന്നു.
നീ കൂടെയുള്ളപ്പോഴുള്ള ആശ്വാസം എങ്ങനെയുള്ളതാണെന്നാൽ, നീണ്ടൊരു മഴയ്ക്ക് ശേഷം ഒരു മരത്തണലിൽ ഇരിക്കുന്നതുപോലെയാണ്, പ്രാർത്ഥനയ്ക്ക് ശേഷം മനസ്സിലേക്ക് ഇറങ്ങിവരുന്ന ശാന്തതപോലെ. ആളുകൾ പലപ്പോഴും ചോദിക്കാറുണ്ട്, ജീവിതം നിനക്ക് എന്താണ് തന്നതെന്ന്? ഞാൻ അതിന് മറുപടി പറയാറില്ല. കാരണം ചില മറുപടികൾ വാക്കുകളിൽ ഒതുക്കാൻ കഴിയുന്നതല്ല. എന്നെ സംബന്ധിച്ച് ആ മറുപടി നീയാണ്.
പിന്നെ സത്യം പറഞ്ഞാൽ.. ഞാൻ കടന്നുപോകുന്ന നിമിഷങ്ങളിൽ നിനക്കായി പ്രത്യേകം പ്രാർത്ഥിക്കാറൊന്നുമില്ല. ചില ബന്ധങ്ങൾ പ്രാർത്ഥനകൾക്കും അപ്പുറമാണ്. അങ്ങനെയുള്ളവർക്കായി തലകുനിച്ച് നന്ദി പറയുക മാത്രമേ ചെയ്യാൻ കഴിയൂ; ദൈവത്തോടും, കാലത്തോടും, പിന്നെ ഒരു ദിവസം എന്റെ മടിയിലേക്ക് ഇറങ്ങിവന്ന ആ അനുഗ്രഹത്തോടും. എന്റെ ജീവിതത്തിന്റെ താളുകളിൽ അവൻ നിന്റെ പേര് കുറിച്ചിട്ടതിന്...
ജന്മദിനാശംസകൾ, എന്റെ ജീവന്. നീയുള്ളതുകൊണ്ട് എന്റെ പ്രഭാതങ്ങൾക്ക് വെളിച്ചമുണ്ട്, സന്ധ്യകൾക്ക് ശാന്തതയുണ്ട്, എന്റെ പ്രാർത്ഥനകളിൽ വിശ്വാസമുണ്ട്. നീയുള്ളതുകൊണ്ട് മാത്രമാണ് എനിക്ക് ഈ ലോകമുള്ളത്. - പപ്പ" രാജ് അർജുന്റെ വൈകാരികമായ വാക്കുകളിങ്ങനെയായിരുന്നു. മകൾക്കൊപ്പമുള്ള നിരവധി ചിത്രങ്ങൾ അടങ്ങുന്ന ഒരു വീഡിയോയും താരം കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. നിരവധിപ്പേരാണ് പോസ്റ്റിനു താഴെ സാറയ്ക്ക് ജന്മദിനാശംസകൾ നേർന്ന് കമന്റുകളിടുന്നത്.
ബാലതാരമായി ചലച്ചിത്രരംഗത്തെത്തിയ നടിയാണ് സാറാ അർജുൻ. ആദിത്യ ധർ സംവിധാനം ചെയ്യുന്ന 'ധുരന്ധർ' എന്ന ചിത്രത്തിൽ രൺവീർ സിംഗിന്റെ നായികയായി താരം വലിയ ശ്രദ്ധ നേടിയിരുന്നു. 'സീക്രട്ട് സൂപ്പർസ്റ്റാർ', 'തലൈവി', 'ഷേർഷാ' തുടങ്ങിയ ചിത്രങ്ങളിലെ കരുത്തുറ്റ പ്രകടനങ്ങളിലൂടെ പ്രേക്ഷകമനം കവർന്ന മികച്ചൊരു നടനാണ് സാറയുടെ പിതാവായ രാജ് അർജുൻ. ഏതായാലും മകൾക്കുവേണ്ടിയുള്ള പിതാവിന്റെ ഈ വൈകാരികമായ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.






