
കൊച്ചി: സി.പി.ഐ യുവജനസംഘടനകള്‍ നടത്തിയ തെരഞ്ഞെടുപ്പു പരാജയത്തിന്റെ പ്രാഥമിക വിശകലനത്തിലും നിഴലിച്ചത് പിണറായി വിരുദ്ധത. മുഖ്യമന്ത്രിയോടുള്ള അമര്‍ഷമാണ് വോട്ടെടുപ്പില്‍ പ്രതിഫലിച്ചതെന്നാണ് സി.പി.ഐയിലെ വിലയിരുത്തല്‍. സംസ്ഥാനമൊട്ടാകെ സ്ഥാപിച്ച മുഖ്യമന്ത്രിയുടെ പോസ്റ്ററുകള്‍ നെഗറ്റീവ് റിസള്‍ട്ട് ഉണ്ടാക്കിയെന്നാണ് പാര്‍ട്ടി യുവജന സംഘടനകളായ എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ്. നേതൃത്വങ്ങളുടെ വിലയിരുത്തല്‍. ആശാ സമരവും തിരിച്ചടിച്ചു. സംഘടനാതല തെരഞ്ഞെടുപ്പ് അവലോകന യോഗങ്ങള്‍ ഇനി നടക്കാനിരിക്കുകയാണ്. അതിനുമുമ്പേ പാര്‍ട്ടി അംഗങ്ങള്‍ക്കിടെ ഉയര്‍ന്ന അഭിപ്രായമാണിത്.
പൊതുവില്‍ മന്ത്രിമാരുടെ പ്രകടനം മികച്ചതായിരുന്നു. ഇതില്‍ റവന്യൂ മന്ത്രി രാജനാണ് ഏറ്റവും മികച്ച രീതിയില്‍ വകുപ്പു കൈകാര്യം ചെയ്തത്. എന്നാല്‍, മൃഗസംരക്ഷണ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രി ചിഞ്ചുറാണി വകുപ്പിലും മണ്ഡലത്തിലും വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. സംസ്ഥാന ഭരണം മോശമായിരുന്നില്ല. ഇടതുപക്ഷത്തിനെതിരായ വികാരമല്ല വോട്ടെടുപ്പില്‍ പ്രതിഫലിച്ചതെന്നും യുവജന പ്രസ്ഥാനങ്ങള്‍ അഭിപ്രായപ്പെടുന്നു. അതുപോലെ യു.ഡി.എഫിന് അനുകൂല തരംഗവുമുണ്ടായില്ല. ന്യൂനപക്ഷ വോട്ടുകളുടെ, പ്രത്യേകിച്ച് മുസ്ലിം വോട്ടുകളുടെ ഏകീകരണമാണ് തിരിച്ചടിച്ചതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. താഴേത്തട്ടില്‍ തെരഞ്ഞെടുപ്പ് അവലോകനങ്ങള്‍ നടക്കും. തുടര്‍ന്ന് ജില്ലാ കമ്മിറ്റികളും ചേര്‍ന്ന ശേഷമാകും സംസ്ഥാന തല തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേരുകയുള്ളൂ.
25 സീറ്റില്‍ മത്സരിച്ച സി.പി.ഐ. എട്ട് സീറ്റില്‍ വിജയിച്ചു. കഴിഞ്ഞ തവണ 17 സീറ്റുകളിലായിരുന്നു ജയിച്ചത്. മത്സരിച്ച മന്ത്രിമാരില്‍ നാലില്‍ മൂന്നുപേരും ജയിച്ചു. ചടയമംഗലത്തു മത്സരിച്ച ചിഞ്ചുറാണി മാത്രമാണ് പരാജയപ്പെട്ടത്. എറണാകുളം ജില്ലയില്‍ പറവൂരില്‍ പ്രതിപക്ഷ നേതാവിനെതിരേ ഇ.ടി. ടൈസന് മാസ്റ്റര്‍ മികച്ച പോരാട്ടം കാഴ്ചവച്ചു. വി.ഡി. സതീശന്റ ഭൂരിപക്ഷവും കുറയ്ക്കാനും സാധിച്ചു. എന്നാല്‍, മൂവാറ്റുപുഴയില്‍ ജില്ലാ സെക്രട്ടറി എന്‍. അരുണ്‍, മാത്യൂ കുഴല്‍നാടനോട് 42,000 വോട്ടിന്റെ മാര്‍ജിനില്‍ തോറ്റത് സി.പി.ഐയ്ക്കു തിരിച്ചടിയായി. ചാത്തന്നൂര്‍ സീറ്റ് തോറ്റത് പാര്‍ട്ടിയുടെ നോട്ടക്കുറവാണെന്ന് യുവജന സംഘടനകള്‍ ചൂണ്ടിക്കാട്ടി. ചാത്തന്നൂരില്‍ ബി.ജെ.പിക്കായിരുന്നു വിജയം. ജയിക്കാമായിരുന്ന നാലോ, അഞ്ചോ സീറ്റുകള്‍ കൂടി പ്രവര്ത്തനക്കുറവുകൊണ്ടും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകം കൊണ്ടും നഷ്ടമായി എന്നും യുവജനനേതൃത്വം പറയുന്നു.






