
ചെന്നൈ: തമിഴ്നാട് നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ മുഖ്യമന്ത്രി വിജയ് തിളക്കമാര്‍ന്ന വിജയം നേടി. 234 അംഗ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 118 പേരുടെ പിന്തുണയാണ് വേണ്ടിയിരുന്നത് എങ്കിലും 144 എംഎല്‍എമാര്‍ വിജയ് സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്തു. അധികാരത്തിലേറി ആദ്യ പരീക്ഷണത്തില്‍ തന്നെ വന്‍ മുന്നേറ്റം ഉണ്ടാക്കാന്‍ വിജയ് യുടെ ടിവികെയ്ക്കായി.
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ നടന്ന വിശ്വാസവോട്ടില്‍ 25 എഐഎഡിഎംകെ എംഎല്‍എ മാര്‍ കൂടി ടിവികെയ്ക്ക് അനുകൂലമായി വോട്ടുനേടി. ഇതോടെ എഐഎഡിഎംകെ പിളരുകയും ചെയ്തു. സഭയില്‍ വലിയ രാഷ്ട്രീയ നാടകങ്ങള്‍ക്കാണ് ബുധനാഴ്ച സാക്ഷ്യം വഹിച്ചത്. ഡിഎംകെ, ഡിഎംഡികെ അംഗങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്കരിച്ച് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. നാല് പിഎംകെ എംഎല്‍എമാരും ഒരു ബിജെപി എംഎല്‍എയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
എടപ്പാടി പളനിസ്വാമിയെ തള്ളി സി.വി. ഷണ്മുഖം, എസ്.പി. വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ വിഭാഗം വിജയ്യെ പിന്തുണച്ചു. പാര്‍ട്ടിയുടെ 47 എംഎല്‍എമാരില്‍ 30 പേരുടെ പിന്തുണ ഈ വിഭാഗത്തിനുണ്ടായിരുന്നു. വോട്ടെടുപ്പ് കണക്കുകള്‍ പ്രകാരം ഈ വിഭാഗത്തില്‍ നിന്നുള്ള 24 എംഎല്‍എമാര്‍ വിജയ്ക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. ഡിഎംകെ അംഗങ്ങള്‍ സഭ വിട്ടിറങ്ങിയതോടെ വോട്ടെടുപ്പ് നടപടികള്‍ വേഗത്തിലാവുകയും വിജയ് സര്‍ക്കാര്‍ സുരക്ഷിതമായി അധികാരം നിലനിര്‍ത്തുകയും ചെയ്തു.






