
മലപ്പുറം: ഹൈക്കമാന്റിന്റെ തീരുമാനം വന്നിട്ട് തങ്ങളുടെ നിലപാട് വ്യക്തമാക്കാമെന്ന് മുസ്ളീംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. രാവിലെ പാണക്കാട് ലീഗ് നേതൃയോഗം പൂര്‍ത്തിയായ ശേഷമായിരുന്നു പ്രതികരണം. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഡല്‍ഹിയില്‍ നിന്നും തീരുമാനം വന്നശേഷം തീരുമാനം എടുക്കാന്‍ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളെ ഏല്‍പ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു.
ഹൈക്കമാന്റ് തീരുമാനം വന്നശേഷം തങ്ങളുടെ തീരുമാനം അറിയിക്കാമെന്നാണ് പറഞ്ഞത്. അതേസമയം മുഖ്യമ്രന്തി സ്ഥാനത്തേക്ക് വി.ഡി.യെ പിന്തുണയ്ക്കുമോ മുഖ്യമന്ത്രി തീരുമാനത്തില്‍ ലീഗിന് അതൃപ്തിയുണ്ടോ എന്ന ചോദ്യത്തിനും മറുപടി പറഞ്ഞില്ല. മന്ത്രിമാര്‍ ആരൊക്കെയാകുമെന്നോ അവര്‍ക്ക് നല്കാന് പോകുന്ന വകുപ്പ് എന്തായിരിക്കുമെന്നോ അഞ്ചാം മന്ത്രിയുണ്ടാകുമോ തുടങ്ങിയ കാര്യങ്ങളില്‍ മറുപടി പറഞ്ഞില്ല.
പി.കെ. കുഞ്ഞാലിക്കുട്ടി മാത്രമാണ് മുസ്ളീം ലീഗില്‍ ഇപ്പോള്‍ മന്ത്രി സ്ഥാനം ഉറപ്പിച്ചിട്ടുള്ളയാള്. സുപ്രധാന വകുപ്പുകള്‍ അദ്ദേഹം കൈകാര്യം ചെയ്യും. ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുകയാണെങ്കില്‍ ആ പദവി വഹിക്കുക പി.കെ. കുഞ്ഞാലിക്കുട്ടിയായിരിക്കും. ഉപമുഖ്യമന്ത്രി സ്ഥാനം ലീഗ് ആഗ്രഹിക്കുന്നുണ്ടെങ്കിലും സമ്മര്ദത്തിലാക്കേണ്ടന്നാണ് പാര്‍ട്ടി തീരുമാനം. എം.കെ. മുനീറിന്റെ അഭാവത്തില്‍ രണ്ടാമനായി കെ.എം. ഷാജി വരാനാണ് സാധ്യത കൂടുതല്‍. മന്ത്രിസ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ച് കൂടുതല്‍പേര്‍ രംഗത്തുണ്ട്.
ഇത്തവണ പാര്‍ട്ടി അഞ്ചു മന്ത്രിസ്ഥാനങ്ങള്‍ പ്രതീക്ഷിക്കുന്നു. മന്ത്രിസ്ഥാനാത്തിനായി മുന്‍ മന്ത്രി മഞ്ഞളാംകുഴി അലിയും മുന്നിലുണ്ട്. തുടര്‍ച്ചയായി നാലാം തവണ ഏറനാട്ടില്‍നിന്നും വിജയിച്ചെത്തിയ പി.കെ. ബഷീറും പട്ടികയിലുണ്ട്. ഇതിന് പുറമെ കോട്ടയ്ക്കലില്‍നിന്ന് വിജയിച്ച പ്രഫ. ആബിദ് ഹുസൈന് തങ്ങളും മന്ത്രി സ്ഥാനത്തിനായി നീക്കം നടത്തുന്നുണ്ട്. ജില്ലയില്‍നിന്ന് മൂന്നു പേര്‍ക്ക് അവസരം നല്കിയാല് ബാക്കി രണ്ടു പേര് മലപ്പുറത്തിന് പുറത്ത് നിന്നുള്ളവര്‍ക്കു നല്‍കും. നിലവില്‍ മലപ്പുറം ജില്ലയില്‍നിന്ന് നാലു പേര് സാധ്യത പട്ടികയിലുണ്ടെങ്കിലും കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീര്‍ എന്നിവര്‍ക്ക് പുറമെ മഞ്ഞളാം കുഴി അലി, കെ.എം. ഷാജി എന്നിവരില്‍ ആരെങ്കിലും ഒരാള്‍ പുറത്താകാനാണ് സാധ്യത.
മലപ്പുറത്തുനിന്ന് ലീഗ് മന്ത്രിമാര്‍ മൂന്നില്‍ കൂടിയേക്കില്ല. ഈ സാഹചര്യത്തില്‍ മണ്ണാര്‍ക്കാട് നിന്നും നാലാമതും വിജയിച്ചെത്തിയ എന്‍. ഷംസുദ്ദീന് മന്ത്രി പട്ടികയില്‍ ഇടം പിടിച്ചേക്കും. കോഴിക്കോട് ജില്ലയില്‍ നിന്ന് പാറക്കല്‍ അബ്ദുല്ല, എം.എ. റസാഖ് എന്നിവരില്‍ ഒരാള്‍ക്ക് സാധ്യതയുണ്ട്. വടക്കന്‍ കേരളത്തിന് പ്രാതിനിധ്യം നല്കുകയാണെങ്കില് മഞ്ചേശ്വരത്ത് ബി.ജെ.പിയെ തോല്‍പ്പിച്ച് എത്തിയ എ.കെ.എം. അഷറഫിനെയും പരിഗണിച്ചേക്കും. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ലഭിച്ചാല്‍ ഇതില്‍ ഒരാളെ അതിലേക്ക് പരിഗണിക്കും. ഇങ്ങനെ ഒരു ഡസനോളം പേരാണ് മുസ്ലിം ലീഗില്‍ മന്ത്രി കുപ്പായമാഗ്രഹിച്ചുനില്ക്കുന്നത്.






