
ന്യൂഡല്‍ഹി: ആരാകും കേരളാമുഖ്യമന്ത്രിയാകുക എന്ന മില്യണ്‍ ഡോളര്‍ ചോദ്യം പുരോഗമിക്കുമ്പോള്‍ പ്രഖ്യാപനം നടത്താനുള്ള നിയമസഭാ കക്ഷിയോഗം നാലു മണിക്ക് നടക്കും. കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷിയടക്കമുള്ള നേതാക്കള്‍ ഒരുമണിയോടെ ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് തിരിക്കുമെന്നാണ് സൂചനകള്‍. അതിനിടയില്‍ കെ.സി. വേണുഗോപാലുമായി രാഹുല്‍ ഗാന്ധി സ്വന്തം വസതിയില്‍ കൂടിക്കാഴ്ച നടക്കുകയാണ്. ഈ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ആരാകുമെന്ന് കെ.സി. യെ അറിയിച്ചിരിക്കാമെന്നാണ് കരുതുന്നത്.
ഉച്ചയ്ക്ക് ഒരു മണിയോടെ ഡല്‍ഹിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിലേക്ക് പുറപ്പെടും. വൈകീട്ട് നാല് മണിക്ക് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും കേരളത്തിലെ സാഹചര്യങ്ങള്‍ മനസിലാക്കിയ നിരീക്ഷകരുമായ മുകുള്‍ വാസ്നിക്കും അജയ് മാക്കനും ദീപാദാസ് മുന്‍ഷിയും എത്തുക. നേതാക്കള്‍ കൂടി കേരളത്തിലേക്ക് എത്തിയ ശേഷമാകും നിയമസഭാ കക്ഷിേയാഗം നടക്കുക. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.
തിരുവനന്തപുരത്ത് ചാര്‍ട്ടേഡ് വിമാനം ലാന്‍ഡ് ചെയ്യാനുള്ള അനുമതി സിവില്‍ ഏവിയേഷന്‍ അധികൃതരോട് കോണ്‍ഗ്രസ് തേടിയിട്ടുണ്ട്. ഒരു മണിക്കാണ് നിയമസഭാ കക്ഷിയോഗം നേരത്തേ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇത് വൈകിയേക്കുമെന്നാണ് കരുതുന്നത്. അതേസമയം കെ.സി. വേണുഗോപാല്‍ കേരളത്തിലേക്ക് എത്തുന്നുണ്ടോ എന്ന കാര്യം വ്യക്തമല്ല. നേതാക്കള്‍ വന്നതിന് ശേഷമാകും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദവുമായി ഗവര്‍ണറെ കാണാനെത്തുക.
ഇതിന് മുമ്പുള്ള അവസാനഘട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. മുന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കുടുംബവും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടിരിക്കുകയാണ്. രമേശ് ചെന്നിത്തല വീട്ടില്‍ തന്നെ തുടരുകയാണ്.






