
തിരുവനന്തപുരം: അനന്തമായി നീണ്ടുവെങ്കിലും മുഖ്യമന്ത്രി തീരുമാനം ജനവികാരത്തിനൊപ്പം. പ്രതിപക്ഷനേതാവ് എന്നതിനപ്പുറം പ്രധാനപ്പെട്ട പാർട്ടി സ്ഥാനങ്ങളൊന്നും വഹിക്കാത്ത, ഏറ്റെടുത്ത ജോലി ഭംഗിയായി ചെയ്ത വിഡി സതീശൻ തന്നെ മുഖ്യമന്ത്രിയാകുന്നു. 2021-ൽ ഇടതുപക്ഷത്തിന്റെ തിരിച്ചുവരവിൽ പകച്ചുനിന്ന കോൺഗ്രസ്സിനെ മുന്നോട്ടു നയിച്ച നേതാവിന് അർഹമായ അംഗീകാരമാണിത്. ശക്തമായ ജനവികാരം പാർട്ടി കീഴ്വഴക്കത്തെ പോലും മാറ്റിമറിച്ചതാണ് ഇവിടെ കാണാൻ സാധിക്കുന്നത്.
അതേസമയം, തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി സതീശനൊപ്പം രമേശ് ചെന്നിത്തലയുടെയും കെ.സി വേണുഗോപാലിന്റെയും പേര് ഉയർന്നുവന്നു. കൂടുതൽ എംഎൽഎമാരുടെയും എംപിമാരുടെയും പിന്തുണ തനിക്കാണെന്ന് അവകാശപ്പെട്ട കെ.സി പിന്നീട് കളം നിറയുകയായിരുന്നു. കർണാടകയിലും തെലങ്കാനയിലും ഭൂരിപക്ഷ എംഎൽഎമാരുടെ പിന്തുണയുള്ളവർക്ക് മുഖ്യമന്ത്രി സ്ഥാനം നൽകിയ കീഴ്വഴക്കവും കെ.സി അനുകൂല ഘടകമായി ഉയർത്തിക്കാട്ടപ്പെട്ടു.
കെ.സിയും വി.ഡിയും തമ്മിലുള്ള ബലാബലം ശക്തമാവുകയാണെങ്കിൽ കെസി തന്നെ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിക്കും എന്ന ഒരു ഫോർമുലയും ഇതിനിടെ ഉരുത്തിരിഞ്ഞു. എന്നാൽ, കേരളത്തിലെ പൊതുവികാരത്തിന് യാതൊരു ഇളക്കവും സംഭവിച്ചില്ല. അത് വി.ഡിക്ക് ഒപ്പം തന്നെയായിരുന്നു.
പതിനൊന്നാം ദിവസമാണ് കോൺഗ്രസ് ഹൈക്കമാൻഡിന് വി.ഡി സതീശന്റെ പേര് വെളിപ്പെടുത്താൻ സാധിച്ചത്. ഇത്രയും ദിവസവും കേരളത്തിലുടനീളം വി.ഡി സതീശനെ അനുകൂലിക്കുന്ന ജനവികാരം ശക്തമായിരുന്നു. മത്സരിക്കാത്ത കെ.സിക്ക് മുഖ്യമന്ത്രിസ്ഥാനം നൽകരുത് എന്നായിരുന്നു ഘടകകക്ഷികളുടെയും മനസ്സിലിരുപ്പ്.






