തിരുവനന്തപുരം: ജനങ്ങളോടു പറഞ്ഞ കാര്യങ്ങള്‍ ഒന്നൊന്നായി ചെയ്തുതീര്ക്കുമെന്നു നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്. ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനും കേരളത്തെ മാറ്റിയെടുക്കാനും പുതിയ കേരളത്തെ സൃഷ്ടിക്കാനും പുതുയുഗത്തിനു തുടക്കമിടാനും എല്ലാവരും ചേര്‍ന്നു കഠിനാധ്വാനം ചെയ്യും. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെയും പൊതുപ്രവര്‍ത്തനത്തിന്റെയും നിര്‍വചനം ജനങ്ങള്‍ക്കുവേണ്ടി അര്‍പ്പണബോധത്തോടെ ചെയ്യുന്ന പ്രവൃത്തി എന്നു ഞങ്ങള്‍ മാറ്റിയെഴുതുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചശേഷം പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വി.ഡി. സതീശന്.
'കോണ്‍ഗ്രസ് പാര്‍ട്ടി ഏല്‍പ്പിച്ചതു വലിയൊരു ഉത്തരവാദിത്വമാണ്. മുഖ്യമന്ത്രി പദത്തെ ദൈവനിയോഗമായി കാണുന്നു. എന്റെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എ.ഐ.സി.സി. നേതൃത്വത്തിനും രാഹുല്‍ ഗാന്ധിക്കും കെ.സി. വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും നന്ദി പറയുന്നു. എന്നെ ഞാനാക്കിയതു യു.ഡി.എഫാണ്. കേരളത്തിലെ പ്രവര്‍ത്തനം ഏകോപിപ്പിച്ചതു കെ.സി. വേണുഗോപാലാണ്. എന്റെ പ്രിയപ്പെട്ട നേതാവാണ് രമേശ് ചെന്നിത്തല. കെ.പി.സി.സി. അധ്യക്ഷന്‍ സണ്ണി ജോസഫ്, എ.ഐ.സി.സിയുടെ ചുമതലുള്ള ദീപാ ദാസ് മുന്‍ഷി എന്നിവരോടും നന്ദിയുണ്ട്.
കേരളം കടന്നുപോകുന്നതു സങ്കീര്‍ണമായ സാഹചര്യത്തിലൂടെയാണ്. അതുകൊണ്ടുതന്നെ ഒരാള്‍ക്കുമാത്രമായി ഒന്നും ചെയ്യാനാകില്ല. വെല്ലുവിളെ നേരിടാന്‍ കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണം. പ്രതിപക്ഷം ഉള്‍പ്പെടെ എല്ലാവരുടെയും പിന്തുണ അഭ്യര്‍ഥിക്കുകയാണ്. കേരളത്തെ രക്ഷിക്കാന്‍, പുതിയ കേരളത്തെ വാര്‍ത്തെടുക്കാന്‍ ഒരുമിച്ചു നില്ക്കാം. നല്ല ഒരു ടീം ഉണ്ടാകണം. പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ ഞങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ച കേരളത്തിന്റെ ചിത്രമുണ്ട്. കേരളത്തെ രക്ഷിച്ചെടുക്കാനും പുതിയ കേരളത്തെ സൃഷ്ടിച്ചെടുക്കാനും എല്ലാവരും ചേര്‍ന്നുള്ള പ്രവര്‍ത്തനത്തിലൂടെമാത്രമേ സാധിക്കൂ. കേരളത്തെ രക്ഷിക്കാനുള്ള ടീം ബില്‍ഡ് ചെയ്യുകയെന്ന ഉത്തരവാദിത്വം ഏറ്റെടുക്കും' -അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ വൈകിയില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഇതിനൊക്കെ നടപടിക്രമങ്ങളുണ്ടെന്നു സതീശന് പ്രതികരിച്ചു. എം.പിമാര്‍, എം.എല്‍.എമാര്‍, മുതിര്‍ന്ന നേതാക്കള്‍ എന്നങ്ങനെ എല്ലാവരുമായി നടത്തിയ ആശയവിനിമയത്തിനുശേഷമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.






