തിരുവനന്തപുരം: പതിറ്റാണ്ട് നീണ്ട ഇടതുഭരണം അവസാനിപ്പിച്ച 'ടീം യു.ഡി.എഫ്' വി.ഡി. സതീശന്റെ നേതൃത്വത്തില്‍ ഇന്ന് വീണ്ടും സംസ്ഥാനത്തിന്റെ ഭരണസാരഥ്യത്തിലേക്ക്. രാവിലെ 10-ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാച്ചടങ്ങ്. ഒരുലക്ഷത്തോളംപേരെ സാക്ഷിയാക്കി വി.ഡി. സതീശന് കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായും കോണ്‍ഗ്രസില്‍നിന്നും ഘടകകക്ഷികളില്‍നിന്നും 20 പേര് മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.
മുഖ്യമന്ത്രിസ്ഥാനം ലഭിക്കാത്തതിനേത്തുടര്‍ന്ന് ഇടഞ്ഞുനിന്ന രമേശ് ചെന്നിത്തല ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകളുടെ ചുമതലയോടെ മന്ത്രിസഭയില്‍ രണ്ടാമനാകും. സുപ്രധാനമായ ധനവകുപ്പിന്റെ ചുമതല മുഖ്യമന്ത്രിതന്നെ വഹിക്കും. ആദ്യം പറഞ്ഞുകേട്ട പട്ടികയില്‍നിന്നു കാര്യമായ മാറ്റങ്ങളോടെയാണ് കോണ്‍ഗ്രസ് മന്ത്രിമാരെ തീരുമാനിച്ചത്. അന്തിമപട്ടികയില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്നവര്‍ക്കു പ്രാമുഖ്യം ലഭിച്ചു. ലഭിച്ച വൈദ്യുതിവകുപ്പില്‍ അതൃപ്തി പ്രകടിപ്പിച്ച മുതിര്‍ന്നനേതാവ് കെ. മുരളീധരന് ആരോഗ്യവകുപ്പിനു പുറമേ ദേവസ്വത്തിന്റെ ചുമതലയും നല്കി അനുനയിപ്പിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷന്‍ ഒ.ജെ. ജനീഷാണ് അപ്രതീക്ഷിതമായി പട്ടികയില്‍ ഇടംനേടിയ പുതുമുഖം. ബിന്ദു കൃഷ്ണയ്ക്കു പുറമേ കെ.എ. തുളസിയേയും ഉള്‍പ്പെടുത്തിയതോടെ മന്ത്രിസഭയില്‍ വനിതാപ്രാതിനിധ്യം രണ്ടായി. എന്നാല്‍, രണ്ടരവര്‍ഷത്തെ ടേം വ്യവസ്ഥയിലാണ് തുളസിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. രണ്ടരവര്‍ഷത്തിനുശേഷം മന്ത്രിസ്ഥാനം ഐ.സി. ബാലകൃഷ്ണനു കൈമാറേണ്ടിവരും. മുതിര്‍ന്നനേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സ്പീക്കറും ഷാനിമോള്‍ ഉസ്മാന് ഡെപ്യൂട്ടി സ്പീക്കറുമാകും.
മുസ്ലിം ലീഗില്‍ രണ്ടരവര്‍ഷത്തിനുശേഷം പാറയ്ക്കല്‍ അബ്ദുള്ളയ്ക്ക് മന്ത്രിസ്ഥാനം ലഭിക്കും. നിലവിലെ മന്ത്രിമാരില്‍ ആര് മാറണമെന്നതു പിന്നീട് തീരുമാനിക്കുമെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി. രണ്ടു മന്ത്രിസ്ഥാനത്തിന് വാശിപിടിച്ച കേരളാ കോണ്‍ഗ്രസിന് മന്ത്രി സ്ഥാനത്തിനു പുറമേ ചീഫ് വിപ്പും നല്കി അനുനയിപ്പിച്ചു. മോന്‍സ് ജോസഫ് മന്ത്രിയും അപു ജോണ്‍ ജോസഫ് കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പുമാകും.
സത്യപ്രതിജ്ഞയ്ക്കുശേഷം ആദ്യമന്ത്രിസഭായോഗം ചേര്‍ന്ന് 21-ന് നിയമസഭായോഗം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണര്‍ക്കു ശിപാര്‍ശ നല്‍കും. 21-ന് എം.എല്‍.എമാരുടെ സത്യപ്രതിജ്ഞയും 22-ന് സ്പീക്കര്‍ തെരഞ്ഞെടുപ്പും നടക്കും. 29-ന് ഗവര്‍ണറുടെ നയപ്രഖ്യാപനം. ജൂണ്‍ അഞ്ചിന് പുതിയ സര്‍ക്കാരിന്റെ ആദ്യബജറ്റ് അവതരിപ്പിക്കുമെന്നാണ് സൂചന. മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം ഇന്നുണ്ടാകും.
യു.ഡി.എഫ്. മന്ത്രിമാരും തീരുമാനമായ വകുപ്പുകളും
കോണ്‍ഗ്രസ്
1. വി.ഡി. സതീശന്: മുഖ്യമന്ത്രി, പൊതുഭരണം, ധനകാര്യം, തുറമുഖം.
2. രമേശ് ചെന്നിത്തല: ആഭ്യന്തരം, വിജിലന്‍സ്.
3. സണ്ണി ജോസഫ്: റവന്യൂ.
4. കെ. മുരളീധരന്: ആരോഗ്യം, ദേവസ്വം.
5. പി.സി. വിഷ്ണുനാഥ്: ടൂറിസം, സാംസ്കാരികം.
6. എ.പി. അനില്‍കുമാര്‍: വൈദ്യുതി.
7. ടി. സിദ്ദിഖ്: വനം, വന്യജീവി.
8. ബിന്ദു കൃഷ്ണ: വനിതാ-ശിശുക്ഷേമം.
9. എം. ലിജു: എക്സൈസ്, സഹകരണം.
10. ഒ.ജെ. ജനീഷ്: യുവജനക്ഷേമം.
11. കെ.എ. തുളസി: പിന്നാക്കക്ഷേമം.
12: റോജി എം. ജോണ്‍: ഉന്നതവിദ്യാഭ്യാസം.
മുസ്ലിം ലീഗ്
13. പി.കെ. കുഞ്ഞാലിക്കുട്ടി
14. എന്‍. ഷംസുദ്ദീന്
15. കെ.എം. ഷാജി
16. പി.കെ. ബഷീര്‍
17. വി.ഇ. അബ്ദുള്‍ ഗഫൂര്‍
കേരളാ കോണ്‍ഗ്രസ്
18. മോന്‍സ് ജോസഫ്
ആര്.എസ്.പി.
19. ഷിബു ബേബി ജോണ്‍
സി.എം.പി.
20. സി.പി. ജോണ്‍
കേരളാ കോണ്‍ഗ്രസ് (ജേക്കബ്)
21. അനൂപ് ജേക്കബ്






