കല്‍പ്പറ്റ: വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കല്‍പ്പറ്റയ്ക്കു സമീപം സജ്ജമാക്കുന്ന ടൗണ്‍ഷിപ്പില്‍ ആദ്യകുടുംബം താമസം തുടങ്ങി. ചൂരല്‍മല സ്കൂള്‍റോഡ് വിജയനും കുടുംബവുമാണ് ഒന്നാം സോണിലെ ഡിക്ല സ്റ്ററിലുള്ള 38-ാം നമ്പര്‍ വീട്ടില്‍ താമസമാരംഭിച്ചത്. ഇന്നലെ രാവിലെ 10.30-നായിരുന്നു ഗൃഹപ്രവേശം. എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍നിന്ന് ഏറ്റെടുത്ത ഭൂമിയിലാണ് പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് ഒരുക്കുന്നത്. ആദ്യഘട്ട പുനരധിവാസ പട്ടികയിലുള്‍പ്പെട്ട മറ്റു കുടുംബങ്ങളും സമീപദിവസങ്ങളില്‍ ഇവിടെ താമസമാരംഭിക്കും. 178 ഗുണഭോക്താക്കളാണ് ആദ്യഘട്ടം പട്ടികയിലുള്ളത്.
ചൂരല്‍മല ഹൈസ്കൂള്‍ റോഡിലുണ്ടായിരുന്ന വിജയന്റെ വീട് ഉരുള്‍ ദുരന്തത്തില്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഈ കുടുംബത്തിന് ടൗണ്‍ഷിപ്പില്‍ ഇനി പുതിയ ജീവിതം. വിജയന്, ഭാര്യ ലാലു, മകന് സ്മിജിത്ത്, ഭാര്യ സജിത, മൂന്നു കുട്ടികള്‍ എന്നിവരാണു ടൗണ്‍ഷിപ്പിലെ ആദ്യ താമസക്കാര്‍. ഗൃഹപ്രവേശ ചടങ്ങില്‍ വിജയന്റെ ബന്ധുമിത്രാദികള്‍ക്കു പുറമേ മുനിസിപ്പല്‍ ചെയര്മാന് പി. വിശ്വനാഥന്, ഒ.ആര്. കേളു, സി.പി.എം ജില്ലാ സെക്രട്ടറി കെ. റഫീഖ്, സംസ്ഥാന സമിതിയംഗം സി.കെ. ശശീന്ദ്രന്, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് കെ.ആര്. ജിതിന്, സെക്രട്ടറി കെ.എം. ഫ്രാന്‍സിസ്, സി.പി.എം കല്‍പ്പറ്റ ഏരിയാ സെക്രട്ടറി വി. ഹാരീസ് തുടങ്ങിയവര്‍ പങ്കെടുത്തു. സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഗൃഹനാഥനെ വീഡിയോകോള്‍ ചെയ്ത് ആശംസ നേര്‍ന്നു. വയനാട്ടിലെത്തുമ്പോള്‍ നേരില്‍ കാണാമെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ കലക്ടര്‍ ഡി.ആര്. മേഘശ്രീ കുടുംബത്തെ സന്ദര്‍ശിച്ചു. ലാലുവാണ് പുതിയ വീട്ടില്‍ അടുപ്പുകത്തിച്ച് പാല് കാച്ചിയത്. സി.പി.എം ജില്ലാ സെക്രട്ടറി കെ. റഫീഖ് കേക്ക് മുറിച്ചു.
പരിശോധനകള്‍ പൂര്‍ത്തിയാക്കി 159 വീടുകളുടെ കൈമാറ്റം ഇതിനകം നടത്തിയിട്ടുണ്ട്. ബാക്കി വീടുകള്‍ വൈകാതെ കൈമാറും. ടൗണ്‍ഷിപ്പില്‍ ഒന്നിച്ചു താമസം തുടങ്ങണമെന്ന നിലപാടിലായിരുന്നു പ്രഥമഘട്ട പുനരധിവാസ പട്ടികയിലുള്‍പ്പെട്ട കുടുംബങ്ങള്‍. ഇതിനിടെയാണ് ഒരു കുടുംബം താമസമാരംഭിച്ചത്. 2025 മാര്‍ച്ച് 27-നായിരുന്നു ടൗണ്‍ഷിപ്പിന്റെ ശിലാസ്ഥാപനം.
ഒന്നാംഘട്ടം ഉദ്ഘാടനം കഴിഞ്ഞ മാര്‍ച്ച് ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. പുനരധിവാസ പദ്ധതിക്ക് 44.33 കോടി രൂപ കോടതിയില്‍ കെട്ടിവച്ച് 2025 ഏപ്രില്‍ 11-നാണ് സര്‍ക്കാര്‍ 64.4075 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തത്. ആകെ 410 വീടുകളാണ് ടൗണ്‍ഷിപ്പില്‍ നിര്‍മിക്കുന്നത്.






