തിരുവനന്തപുരം: യു.ഡി.എഫ്. മന്ത്രിസഭയില്‍ എം. വിന്‍സെന്റിന് മന്ത്രിസ്ഥാനം നല്‍കാത്തതിലും ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് നല്‍കിയതിലും കടുത്ത അതൃപ്തി രേഖപ്പെടുത്തി ലത്തീന്‍ സഭ. പ്രതിഷേധ സൂചകമായി നാളെ നടക്കുന്ന മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് പൂര്‍ണമായും ബഹിഷ്കരിക്കാനാണ് സഭയുടെ തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് പരസ്യ പിന്തുണ നല്‍കിയിട്ടും മന്ത്രിസഭാ രൂപീകരണത്തില്‍ ലത്തീന്‍ സഭയെ പൂര്‍ണമായും അവഗണിച്ചെന്നാണ് സഭയുടെ ആരോപണം. സഭയെ വെറും വോട്ട് ബാങ്കായി മാത്രമാണ് മുന്നണി കണ്ടതെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍. യൂജിന്‍ പെരേര ആരോപിച്ചു.
തീരദേശ മേഖലകളില്‍നിന്നുള്ള യു.ഡി.എഫ്. സ്ഥാനാര്‍ഥികളുടെ വിജയത്തില്‍ ലത്തീന്‍ സഭ നിര്‍ണായക പങ്കുവഹിച്ചുവെന്നും എന്നാല്‍ മന്ത്രിസഭാ രൂപീകരണത്തില്‍ അതിന് യാതൊരു പരിഗണനയും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സഭയുടെ കടുത്ത അമര്‍ഷവും അതൃപ്തിയും മുന്നണി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും മോണ്‍. യൂജിന്‍ പെരേര വ്യക്തമാക്കി.
സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ലത്തീന്‍ അതിരൂപതയ്ക്ക് അഞ്ച് പാസുകള്‍ ഔദ്യോഗികമായി ലഭിച്ചിരുന്നുവെങ്കിലും നിലവിലെ സാഹചര്യത്തില്‍ ചടങ്ങ് ബഹിഷ്കരിക്കാനാണ് തീരുമാനം.
സഭാ പ്രതിനിധികളുടെ പങ്കാളിത്തം സംബന്ധിച്ച് പുനരാലോചന നടത്തിയ ശേഷമാണ് അന്തിമ തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി നിയുക്ത എം.എല്‍.എ എം. വിന്‍സെന്റും രംഗത്തെത്തി. സഭയുടെ പ്രതികരണം അവരുടെ വികാരപ്രകടനമാണെന്നും എന്നാല്‍ ഒരു കോണ്‍ഗ്രസ് പ്രവര്ത്തകന് എന്ന നിലയില്‍ തനിക്ക് യാതൊരു പരാതിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു പഞ്ചായത്ത് മെമ്പര്‍ പോലും ആകാന്‍ കഴിയാത്ത പതിനായിരക്കണക്കിന് സാധാരണ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ട്. അത്തരത്തില്‍ പാര്‍ട്ടി എനിക്ക് എന്നും മികച്ച അവസരങ്ങളാണ് നല്‍കിയിട്ടുള്ളത് എന്ന് എം. വിന്‍സെന്റ് പ്രതികരിച്ചു.






