ന്യൂഡല്‍ഹി: തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിയിലേക്കു പോകുകയായിരുന്ന രാജധാനി എക്സ്പ്രസില്‍ വന്‍തീപിടിത്തം. ആളപായമില്ല. രാജസ്ഥാനിലെ കോട്ടയ്ക്കു സമീപംവച്ച് ഇന്നലെ പുലര്‍ച്ചെ 5.15-നാണു തീപിടിത്തമുണ്ടായത്.
ട്രെയിനിന്റെ എന്‍ജിനിലും അതിനോടുചേര്‍ന്നുള്ള ബി-1 എസി കോച്ചിലും ലഗേജ്-കം-ഗാര്‍ഡ് വാനിലുമാണ് തീപടര്‍ന്നത്. 68 യാത്രക്കാരാണ് ബി-1 കോച്ചിലുണ്ടായിരുന്നത്. തീപടര്‍ന്നത് അറിഞ്ഞതോടെ ട്രെയിന്‍ നിര്‍ത്തുകയും യാത്രക്കാര്‍ ഉടന്‍ പുറത്തിറങ്ങുകയും ചെയ്തു. ഈ കോച്ചിലുണ്ടായിരുന്ന യാത്രക്കാരുടെ ലഗേജുകള്‍ പൂര്‍ണമായി കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്നും സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
വിക്രംഗഡ് ആലോട്ട്, ലൂണി റിച്ച സ്റ്റേഷനുകള്‍ക്കിടയില്‍വച്ചാണ് അപകടമുണ്ടായത്. തീപടര്‍ന്നുപിടിച്ച എന്‍ജിനും കോച്ചും ട്രെയിനില്‍നിന്ന് വേര്‍പെടുത്തുകയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഓവര്‍ഹെഡ് ഇലക്ട്രിക് ലൈനിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. റെയില്‍വേ ട്രാക്കിനു സമീപമുള്ള ചില മരങ്ങളിലേക്കും തീ പടര്‍ന്നു പിടിച്ചു.
തീപിടിച്ച ഗാര്‍ഡ് വാനും കോച്ചും ട്രെയിനില്‍നിന്ന് വേര്‍പെടുത്തിയ ശേഷം രാവിലെ 9:45 ഓടെ ട്രെയിന്‍ യാത്ര പുനരാരംഭിച്ചതായി വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഹര്‍ഷിത് ശ്രീവാസ്തവ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. ബി-1 കോച്ചിലെ യാത്രക്കാര്‍ക്ക് ട്രെയിനിലെ മറ്റു കോച്ചുകളില്‍ താല്‍ക്കാലിക യാത്രാസൗകര്യമൊരുക്കി. കോട്ട റെയില്‍വേ സ്റ്റേഷനില്‍വച്ച് മറ്റൊരു കോച്ച് ഘടിപ്പിച്ച് യാത്രാസൗകര്യം ഒരുക്കിയശേഷമാണു ട്രെയിന്‍ ഡല്‍ഹിയിലേക്കുള്ള യാത്ര തുടര്‍ന്നത്.
വെള്ളിയാഴ്ച തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട 12431 നമ്പര്‍ രാജധാനി എക്സ്പ്രസ് ഇന്നലെ ഉച്ചയ്ക്ക് 12:30 നായിരുന്നു ഡല്‍ഹിയിലെ ഹസ്രത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തേണ്ടിയിരുന്നത്.
സംഭവത്തെ തുടര്‍ന്ന് ഈ റൂട്ടിലെ റെയില്‍ ഗതാഗതം തടസപ്പെടുകയും, കുറഞ്ഞത് 18 ട്രെയിനുകളുടെ സമയക്രമത്തെ ബാധിക്കുകയും ചെയ്തു. ചില ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ടു. മുംബൈ (ബാന്ദ്ര ടെര്‍മിനസ്) - ബിഹാറിലെ ബറൗണി ജങ്ഷന് എന്നിവിടങ്ങള്‍ക്കിടയില്‍ സര്‍വീസ് നടത്തുന്ന അവധ് എക്സ്പ്രസ്, ഹസ്രത് നിസാമുദ്ദീനും മുംബൈയ്ക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന മുംബൈ സെന്‍ട്രല്‍ - ദുരന്തോ എക്സ്പ്രസ്, ഹസ്രത് നിസാമുദ്ദീന്‍ - പുണെ സ്പെഷല്‍ ട്രെയിന്‍, ഹരിദ്വാര്‍ - ബാന്ദ്ര ടെര്‍മിനസ് എക്സ്പ്രസ്, ന്യൂഡല്‍ഹി - ഇന്‍ഡോര്‍ എക്സ്പ്രസ് എന്നിവ സര്‍വീസ് തടസപ്പെട്ട ട്രെയിനുകളില്‍ ഉള്‍പ്പെടുന്നു.






